തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളും പെൺകുട്ടികളും വേട്ടയാടപ്പെടുന്നത് വല്ലാതെ വർധിച്ചിട്ടും സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആലുവയിൽ ഗാർഹിക പീഡനം കാരണം ഒരു പെൺകുട്ടി ജീവനൊടുക്കിയത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ പ്രണയത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ കുത്തി പരിക്കേല്പിച്ചതും അടുത്ത ദിവസമാണ്. സ്വന്തം കുഞ്ഞിന് വേണ്ടി അനുപമ എന്ന അമ്മയക്ക് പോരാടേണ്ടി വന്നതും നാം കണ്ടു.
ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യക്ക് പൊലീസ് ഉദ്യോഗസ്ഥനും ഉത്തരവാദിയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഭർതൃഗൃഹത്തിൽ നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട പെൺകുട്ടിയെ സർക്കിൾ ഇൻസ്പെക്ടർ അവഹേളിച്ചു എന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് മനസിലാകുന്നത്. പക്ഷേ, ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക മാത്രം ചെയ്ത് കൈകഴുകാനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ഇതിനെതിരെ പ്രതിഷേധിക്കാൻ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ജനപ്രതിനിധികളെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള പൊലീസ് ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതാണ് സർക്കാരിന്റെ പ്രവർത്തന ശൈലി. സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും അതേസമയം പീഢകരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി. സ്ത്രീപീഡനങ്ങൾ വർധിക്കുന്നതിന്റെ കാരണവും ഇതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh Chennithala, Congress, UDF