കൊച്ചി: ആലുവ സി.ഐ. സുധീറിന് നൽകിയ സ്ഥലംമാറ്റം കണ്ണിൽ പൊടിയിടാനുള്ള നടപടി മാത്രമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ സി.ഐയെ സ്ഥലം മാറ്റിയതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയാണെന്നും ആരോപണ വിധേയനായ സി.ഐക്ക് സസ്പെൻഷൻ ലഭിക്കുന്നതുവരെ കോൺഗ്രസിന്റെ സമരം തുടരുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ. സി.എൽ. സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. സി.ഐക്കെതിരേ ഗുരുതര ആരോപണമാണ് മൊഫിയയുടെ വീട്ടുകാരും ബന്ധുക്കളും ഉയർത്തിയിരുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും സി.ഐയെ സസ്പെൻഡ് ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
അതേസമയം സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ., റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ബെന്നി ബെഹ്നാൻ എം.പി. തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയാണ് ചെയ്തത്. സി.ഐക്ക് എതിരേ പെൺകുട്ടിയുടെ മരണമൊഴി ഉണ്ടായിരുന്നു. എന്നിട്ടും സി.ഐക്കെതിരേ കേസ് എടുക്കാനോ സസ്പെൻഡ് ചെയ്യാനോ സർക്കാർ തയാറായിട്ടില്ല. അദ്ദേഹം സസ്പെൻഷൻ അർഹിക്കുന്നുണ്ട്. ഇപ്പോഴുള്ള സ്ഥലം മാറ്റം കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും അൻവർ സാദത്ത് ആരോപിച്ചു.
സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് പറയുന്നത്. പക്ഷേ നടക്കുന്നത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വനിതാ കമ്മിഷനും പോലീസുമെല്ലാം നോക്കുകുത്തിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സി.ഐക്ക് സസ്പെൻഷൻ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർതൃവീട്ടുകാർക്കെതിരേയും സി.ഐ. സുധീറിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഭർതൃവീട്ടുകാർക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും സി.ഐ. സുധീറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. സി.ഐക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്. മകൾക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് അൽപം കരുണയാണ് വേണ്ടിയിരുന്നതെന്നും കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞിരുന്നു.
content highlights:anwar sadath mla on mofiya parveen death and transfer of ci sudheer