മഞ്ചേരി> പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 34കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാശ് ശിക്ഷിച്ചത്.
ബലാത്സംഗ കുറ്റത്തിന് മരണംവരെ ജീവപര്യന്തം കഠിന തടവും 50, 000 രൂപ പിഴയും, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അനുഭവിക്കണം. പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്സോ വകുപ്പ് പ്രകാരം ഏഴുവര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഒരുവര്‍ഷം കഠിന തടവും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിന തടവും അനുഭവിക്കണം. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വര്‍ഷം വീതം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
നഷ്ടപരിഹാര തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും വിധിന്യായത്തില്‍ പറയുന്നു. 16 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കി. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹർജി പരിഗണിച്ച് 2020ല്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. തുടര്‍ന്നാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി കേസ് പരിഗണിച്ചത്.
ജോലി സ്ഥലത്ത് നിന്ന് ലീവിന് എത്തിയ പ്രതി 2018 ജൂലൈയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നീട് പലതവണ പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന് കേസ്. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. ഉന്നത വിദ്യഭ്യാസയോഗ്യതയുള്ള പ്രതി കപ്പല്‍ ജീവനക്കാരനാണ്.