തിരുവനന്തപുരം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരേരൂക്ഷ വിമർശനവുമായി നോവലിസ്റ്റ് ബെന്യാമിൻ. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാലെയാണ് ബെന്യാമിന്റെപ്രതികരണം. ഇനിയും നാണംകെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണം മി. ഷിജു ഖാൻ എന്നാണ് ബെന്യാമിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിയെ സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോയി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയത്.