കൂത്താട്ടുകുളം: അത് യാക്കോബിന്റെ കൈയിൽത്തന്നെ ഉണ്ടായിരുന്നു; പൂജാ ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ അഞ്ചുകോടിയുടെ ഭാഗ്യ ടിക്കറ്റ്.
സന്തോഷത്തിനൊപ്പം സംഭ്രമം കൂടിയായതോടെ തത്കാലം യാക്കോബ് അത് രഹസ്യമാക്കി വെച്ചതായിരുന്നു. ലോട്ടറി ചില്ലറ വില്പനക്കാരനായ കിഴകൊമ്പ് മോളേപറമ്പിൽ ജേക്കബ് കുര്യന്റെ (യാക്കോബ്) പക്കൽ വിൽക്കാതിരുന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ച് കോടി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സമ്മാനാർഹമായ ആർ.എ. 591801 നമ്പറിലുള്ള ടിക്കറ്റ് കൂത്താട്ടുകുളത്ത് കാനറ ബാങ്ക് ശാഖാ മാനേജരെ യാക്കോബ് ഏല്പിച്ചു. സുരക്ഷാ ഭയത്തെ തുടർന്നാണ് കോടി ഭാഗ്യം പുറത്തറിയിക്കാതിരുന്നതെന്നും യാക്കോബ് പറഞ്ഞു.
ബന്ധുക്കളായ സാജു കുരങ്ങോലിത്തടത്തിൽ, ഷിബു എന്നിവരോടൊപ്പമാണ് കാനറ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാക്കോബ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിയുന്നത്. ബാങ്കുകാരും നാട്ടുകാരുമെത്തിയപ്പോഴും കോടിപതിയെ താനും കാത്തിരിക്കുകയാണെന്നാണ് യാക്കോബ് ആദ്യം പറഞ്ഞത്.
ടിക്കറ്റ് വാങ്ങിയ ചിലരെ യാക്കോബ് വിളിച്ച് അന്വേഷിക്കുകയും ചെയ്തു. കോടിപതിയെ തേടി പുതു തലമുറ ബാങ്കുകളുടെ പ്രതിനിധികളും എത്തിയിരുന്നു. അവരോടും സമ്മാനാർഹനെ തേടിയുള്ള അന്വേഷണത്തിലാണ് താനും എന്നാണ് യാക്കോബ് പറഞ്ഞത്.
കൂത്താട്ടുകുളത്തെ സീയാന്റെസ് ഏജൻസിയിൽ നിന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യാക്കോബിനെ വിളിച്ച് സമ്മാനാർഹമായ ടിക്കറ്റ് സംബന്ധിച്ച വിവരമറിയിച്ചിരുന്നു. അവിടെ നിന്ന് പത്ത് ടിക്കറ്റുകൾ വാങ്ങിയത് മുഴുവനും വിറ്റു എന്നാണ് യാക്കോബ് അവരോടും പറഞ്ഞത്. സമ്മാനം കൈയിലുണ്ടെന്ന് അതിനകം യാക്കോബ് ഉറപ്പാക്കിയിരുന്നു. ആർ.എ. സീരീസിലുള്ള 10 ടിക്കറ്റുകളടങ്ങിയ ഒരു ബുക്കാണ് യാക്കോബ് വില്പനയ്ക്കായി വാങ്ങിയത്. ഇതിൽ രണ്ട് ടിക്കറ്റുകൾ ബാക്കി വന്നതിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുമെന്ന് യാക്കോബ്
കിഴകൊമ്പ്: ശാരീരിക വെല്ലുവിളിയുമായി ജീവിക്കുന്ന തനിക്ക് അത്തരക്കാരുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അറിയാം. അവരെ സഹായിക്കുന്നതിനായി സമ്മാനത്തുകയിൽ ഒരു വിഹിതം വിനിയോഗിക്കുമെന്ന് യാക്കോബ് മാതൃഭൂമിയോട് പറഞ്ഞു.
കിഴകൊമ്പ് എൽ.പി. സ്കൂൾ, വടകര ലിറ്റിൽഫ്ലവർ, വടകര സെയ്ന്റ് ജോൺസ് സ്കൂളുകളിലായിരുന്നു യാക്കോബിന്റെ പഠനം. അവിടെയെല്ലാം തനിക്ക് അധ്യാപകരുടെയും കൂട്ടുകാരുടെയും കരുതൽ ലഭിച്ചിരുന്നു. 1983-ൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വ്യാപാരത്തിൽ അച്ഛന്റെ സഹായിയായി മാറി. കിഴകൊമ്പ് പോസ്റ്റോഫീസ് പടിയിലുള്ള ചെറിയ കട ഇപ്പോഴും നടത്തുന്നുണ്ട്. 15 വർഷമായി ലോട്ടറി വില്പന നടത്തുന്നു. സമ്മാനത്തുകയിൽ ഒരു ഭാഗം വ്യാപാരം മെച്ചപ്പെടുത്തുന്നതിനുപയോഗിക്കണ മെന്നാണ് യാക്കോബിന്റെ ആഗ്രഹം. ബാക്കി തുക സമ്പാദ്യമായി നീക്കിവെക്കും.
ഭാര്യ: ഗ്രേസി പിറവം പേപ്പതി കാരാമ്മേൽ കുടുംബാംഗമാണ്. മകൻ: ജോജി (എം.ബി.എ. വിദ്യാർഥി).