ആലുവ: ഗാർഹികപീഡന പരാതി നൽകിയതിനു പിന്നാലെആത്മഹത്യചെയ്ത എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിൻ. സ്ത്രീധനം ആവശ്യപ്പെട്ട് മൊഫിയയെ ഭർത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ജോവിൻ വെളിപ്പെടുത്തി. ഒരു വിധം എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നുവെന്നും ജോവിൻ വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഭർത്താവ് സുഹൈലിന് ഗൾഫിൽ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാൻ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. മൊഫിയ പിന്തുണച്ചു.
എന്നാൽ ഒരു തരത്തിലുള്ള ജോലിക്കും സുഹൈൽ പോയിരുന്നില്ല. മുഴുവൻ സമയം മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുകയായിരുന്നുവെന്നാണ് മൊഫിയ പറഞ്ഞത്. ഇവളോട് സംസാരിക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ തയ്യാറാകാതെ ആയി. പിന്നീട് ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തു. മാനസികമായി മൊഫിയയെ ഒരുപാട് തളർത്തി. ശാരീരിക പീഡനങ്ങളും ഇതിനിടയിലുണ്ടായി.
ശരീരത്തിൽ പച്ച കുത്തണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ ഇവൾക്ക് അതിൽ താത്പര്യമുണ്ടായിരുന്നില്ല. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കുംനിർബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.
സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായിസുഹൈലിന്റെ മാതാപിതാക്കൾ മൊഫിയയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളെ ആയിട്ടുള്ളുവെന്നതിനാൽ മൊഫിയയുടെ വീട്ടുകാർക്ക് ഈ സമയത്ത് പണം കൊടുക്കുനുണ്ടായിരുന്നില്ല. താൻ നേരിടുന്ന മാനസിക പീഡനങ്ങൾ മൊഫിയ വീട്ടുകാരെ അറിയിക്കുമെന്നുള്ളതിനാലാകാംമൊഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്താനുള്ള ശ്രമം നടത്തിയിരുന്നു. നാട്ടിലൊക്കെ അങ്ങനെ പറഞ്ഞ് പരത്തി.
സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് അവൾ പോയിരുന്നത്. എന്നാൽ സിഐയിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളർത്തിയിട്ടുണ്ടാകാമെന്നാണ് മനസ്സിലാക്കുന്നത്. സിഐ ഒന്ന് മയത്തിൽ സംസാരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മൊഫിയ ഞങ്ങൾക്കൊപ്പം ഇന്ന് ക്ലാസിൽ ഇരിക്കുമായിരുന്നു – ജോവിൻ പറഞ്ഞു.
തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ എൽഎൽ.ബി. വിദ്യാർഥിയായിരുന്നു മൊഫിയ.