കേസിൽ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യും. അപകടം നടക്കുന്ന സമയത്ത് വാഹനമോടിച്ചിരുന്ന അബ്ദുൾ റഹ്മാനെ തിങ്കളാഴ്ച വിളിച്ച് വരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ട്. ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴിയുമായി ഇക്കാര്യം താരതമ്യം ചെയ്യും.
Also Read :
പോലീസ് ഉദ്യോഗസ്ഥരോ മറ്റ് വിഐപികളോ പാർട്ടിയിൽ പങ്കെടുത്തോയെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ വ്യക്തമാകൂവെന്നും കമ്മീഷണർ പറഞ്ഞു. അവധി കഴിഞ്ഞെത്തിയ കമ്മീഷണറുടെ മേൽനോട്ടം ഇനി കേസിലുണ്ടാകും. സംഭവത്തിൽ ദുരൂഹതയില്ലെന്നായിരുന്നു നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതെങ്കിൽ ദുരൂഹതയുണ്ടെന്നാണ് കമ്മീഷണർ പറയുന്നത്. ഇത് മനസിലാക്കാൻ സാമാന്യബോധം മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡിവിആർ നശിപ്പിച്ചത് എന്തിനാണെന്ന് ആലോചിക്കുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ട് അത് മനസിലാക്കാൻ സാമാന്യ ബോധം മതിയെന്നാണ് കമ്മീഷണർ സിഎച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്. ഹോട്ടലിൽ നടന്ന സംഭവങ്ങളും അപകട മരണവും തമ്മിൽ ബന്ധം ഉണ്ടോ എന്നതാകും അന്വേഷിക്കുക.
ഹാർഡ് ഡിസ്കിനായി പോലീസ് കണ്ണങ്ങാട്ട് പാലത്തിനുതാഴെ കായലിൽ അന്വേഷണം തുടങ്ങിയത്. കായലിന്റെ അടിത്തട്ടു കാണാൻ പറ്റുന്ന അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ചാണ് തിരച്ചിൽ.
Also Read :
ഹാർഡ് ഡിസ്ക് തിരയാൻ ഇനി മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച കായലിൽ ഹാർഡ് ഡിസ്കിനായി തിരച്ചിൽ നടത്തിയത്. ഹാർഡ് ഡിസ്ക് മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങിയെന്നും, ഇത് തിരിച്ചറിയാനാകാതെ പോയ മീൻപിടിത്തക്കാരൻ ഡിസ്ക് വീണ്ടും കായലിൽ തള്ളിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം അൻസി കബീറിന്റെ പിതാവ് മുഖ്യന്ത്രി പിണറായി വിജയനെ കണ്ട് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഹാർഡ് ഡിസ്ക് ഒളിപ്പച്ചതിൽ ദുരൂഹതയുണ്ടെന്നും ഹോട്ടലുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് ഹോട്ടലിൽ നടന്നത് ഒളിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഹോട്ടലിൽ നിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അൻസിയെയും കൂട്ടുകാരെയും കാർ പിന്തുടർന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബം പറഞ്ഞു.