ന്യൂഡൽഹി
മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷകദ്രോഹ നിയമം പിൻവലിച്ചുള്ള ബിൽ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായി. സമ്മേളനകാലത്ത് അവതരിപ്പിക്കുന്ന 26 ബില്ലുകളുടെ പട്ടികയിൽ പിൻവലിക്കൽ ബില്ലും ഉൾപ്പെടുത്തി.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയേക്കും. കാർഷികോൽപ്പന്ന വ്യാപാര–- വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020, അവശ്യവസ്തു ഭേദഗതി നിയമം 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്–- കൃഷി സേവന ധാരണാ നിയമം 2020 എന്നീ നിയമങ്ങളാണ് ഒറ്റ ബില്ലിലൂടെ പിൻവലിക്കുക. എംഎസ്പി നിയമപരമാക്കുന്നത് അടക്കമുള്ള വിഷയങ്ങൾക്ക് പരിഹാരമാകാത്തതിനാൽ കർഷകർ സമരം തുടരുകയാണ്. ആറു വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കർഷക സംഘടനകൾ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം കർഷകർ പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.