കൊച്ചി
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ നിശാപാർടി നടന്ന ദിവസത്തെ സിസിടിവിയുടെ ഡിവിആർ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു. മോഡലുകളുടെ മരണവും ഡിവിആർ നശിപ്പിച്ചതും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോഡലുകൾ മരിച്ച കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. നിശാപാർടിയിൽ പങ്കെടുത്തവരെ കണ്ടെത്തി ചോദ്യംചെയ്യും. കാർഡ്രൈവർ അബ്ദുൾ റഹ്മാൻ, മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ എന്നിവരെ വീണ്ടും ചോദ്യംചെയ്യും. വാഹനാപകടമെന്ന നിലയിലാണ് ആദ്യം കേസ് അന്വേഷിച്ചത്. ഡിവിആർ പരിശോധിച്ചാൽമാത്രമേ വിഐപികൾ പങ്കെടുത്തിരുന്നോയെന്ന് കണ്ടെത്താനാകു. ഇതുവരെ 55 പേരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നും ഡിവിആർ കണ്ടെത്താൻ തീരസംരക്ഷണ സേനയുടെയും നാവികസേനയുടെയും സഹായം തേടി. ഡിവിആർ കണ്ടെത്താൻ കണ്ണങ്കാട്ട് കായലിൽ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ചയും പരിശോധന നടത്തി.
സ്കൂബാ ടീം അംഗങ്ങൾ അണ്ടർ വാട്ടർ സ്കാനറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് തിരച്ചിൽ നടത്തിയത്. നാവികസേനയും തീരദേശ പൊലീസും ഒപ്പമുണ്ടായി. രാവിലെ 10ന് ആരംഭിച്ച തിരച്ചിൽ വൈകിട്ടുവരെ നീണ്ടെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല.
ഹാർഡ് ഡിസ്ക് വലയിൽ കുടുങ്ങി ; മീൻപിടിത്തക്കാരൻ കൈവിട്ടു
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആർ ഹാർഡ് ഡിസ്ക് മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങി. പൊലീസ് അന്വേഷിക്കുന്ന ഹാർഡ് ഡിസ്ക്കാണ് ഇതെന്ന് തിരിച്ചറിയാനാകാതെ മീൻപിടിത്തക്കാരൻ ഡിസ്ക് വീണ്ടും കായലിലേക്ക് എറിഞ്ഞെന്നാണ് ലഭ്യമായ വിവരമെന്ന് അന്വേഷകസംഘം അറിയിച്ചു.
തിങ്കൾ രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലിൽ വലയെറിഞ്ഞ മീൻപിടിത്തക്കാരനാണ് ഹാർഡ് ഡിസ്ക് ലഭിച്ചത്. അഗ്നി രക്ഷാസേനയുടെ സ്കൂബാ ഡൈവിങ് ടീം പരിശോധിക്കാനെത്തുംമുമ്പാണ് ഇത്. ബുധനാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികളെയും ചേർത്ത് പരിശോധന നടത്തും. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം.
ഹാർഡ് ഡിസ്ക്
നശിപ്പിക്കാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ നിശാപാർടി നടന്ന ദിവസത്തെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിക്കാൻ കൊണ്ടുപോയ ഇന്നോവ കാർ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണുകുമാർ, മെൽവിൻ എന്നിവരാണ് കാർ ഉപയോഗിച്ചത്. ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചത് അപകടം നടന്നതിനുശേഷം പുലർച്ചെയാണെന്നും കണ്ടെത്തി. ഡിജെ പാർടി നടന്ന നമ്പർ 18 ഹോട്ടലിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറാണ് കസ്റ്റഡിയിൽ എടുത്തത്.