കോഴിക്കോട്
ജീവൽ പ്രശ്നങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി വർഗീയ പ്രചാരണം നടത്തുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. കുന്നമംഗലം ഏരിയാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഉയരുന്ന ‘ഹലാൽ’ പ്രയോഗങ്ങൾ വിഷലിപ്തമാണ്. മറ്റൊരു തരത്തിലും കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ ഈ പ്രയോഗവുമായി ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് പണം ഒഴുക്കിയിട്ടും ബിജെപിക്ക് ഒന്നും നേടാനായില്ല. സമാന രീതിയിൽ മുസ്ലിം ലീഗ് വഖഫ് ബോർഡ് നിയമനത്തിനെതിരെയും വിവാദമയുയർത്തുന്നു. സമൂഹത്തിലെ ഇത്തരം പ്രവണതകൾക്കെതിരെ പോരാടാൻ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള മുന്നേറ്റമാണ് ഇടതുപക്ഷം നടത്തുന്നത്. മതനിരപേക്ഷതയിൽ അവസരവാദ നിലപാടാണ് കോൺഗ്രസിന്. വർഗീയതക്കെതിരെ നിലപാട് തുടരുന്നതിനൊപ്പം നാടിന്റെ വികസനത്തിലും ഇടതുപക്ഷത്തിന് മുന്നേറാനായെന്നും അദ്ദേഹം പറഞ്ഞു.