ദുബായ്
അങ്കത്തട്ടും കരുക്കളും തയ്യാർ. ചെസിലെ പുതിയ ലോകചാമ്പ്യനെ കണ്ടെത്താൻ ദുബായ് ഒരുങ്ങി. ഇന്ന് രാത്രിയാണ് ഉദ്ഘാടനം. 14 ഗെയിമുകളിൽ ആദ്യത്തേത് വെള്ളിയാഴ്ചയാണ്. മാഗ്നസ് കാൾസൻ കിരീടം നിലനിർത്തുമോ? റഷ്യക്കാരൻ ഇയാൻ നിപോംനിഷി പുതിയ അവതാരമാകുമോ? ഉത്തരം കിട്ടാൻ ഡിസംബർ 14 വരെ കാത്തിരിക്കണം.
കഴിഞ്ഞവർഷം നടക്കേണ്ട ലോക ചെസ് ചാമ്പ്യൻഷിപ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിയതാണ്. 14 ഗെയിമുകളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നവർ ജേതാവാകും. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് 2013ലാണ് നോർവേക്കാരനായ കാൾസൻ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി. കാൾസന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ എളുപ്പമല്ല. 13 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ നാലെണ്ണം നിപോംനിഷി ജയിച്ചിട്ടുണ്ട്. ഒരിക്കൽ മാത്രമാണ് കാൾസന് ജയിക്കാനായത്. ഏകദേശം 15 കോടി രൂപയാണ് മൊത്തം സമ്മാനത്തുക. വിജയിക്ക് ഒമ്പത് കോടിയോളം കിട്ടും. റണ്ണറപ്പിന് ഏകദേശം ആറ് കോടി.
കാൾസന് മുൻതൂക്കം
എം ബി മുരളീധരൻ
മുൻ സംസ്ഥാന ചാമ്പ്യൻ, പരിശീലകൻ
മാഗ്നസ് കാൾസൻ എന്ന ചെസ് പ്രതിഭ അറിയപ്പെടുന്നത് മിടുക്കനായ ‘എൻഡ് ഗെയിം’(അവസാനഘട്ട കളി) വിദഗ്ധൻ എന്ന നിലയിലാണ്. അതിനാൽ കളി ദീർഘമായി നീണ്ടുപോയാൽ കാൾസൻ വീണ്ടും ലോകചാമ്പ്യനാകും. എന്നാൽ പ്രാരംഭഘട്ടത്തിൽ ചുരുക്കം സന്ദർഭങ്ങളിൽ നോർവേക്കാരൻ പല ‘കാടൻകളിയും’ നടത്തി തോറ്റിട്ടുണ്ട്.
അപ്പുറത്തുള്ള ഇയാൻ നിപോംനിഷി എന്ന റഷ്യക്കാരന്റെ കരുത്ത് ശാസ്ത്രീയമായി ആദ്യ നീക്കങ്ങൾ നടത്തുന്നുവെന്നതാണ്. തുടക്കത്തിൽ കാൾസനെ ഞെട്ടിച്ചാൽ ഒരുപക്ഷേ വർഷങ്ങൾക്കുശേഷം വീണ്ടും റഷ്യക്കാരൻ ലോക കിരീടത്തിൽ മുത്തമിടും. അതല്ല ദീർഘമായ കളിയാണെങ്കിൽ നിപോംനിഷി വിയർക്കും. ഒരൊറ്റ നീക്കത്തിൽ എല്ലാ കണക്കുകൂട്ടലുകളും തകിടംമറിയുന്ന അപ്രവചനീയമായ കളിയായ ചെസിൽ പണ്ഡിതൻമാർ കാൾസന് മുൻതൂക്കം കൊടുക്കുന്നുണ്ടെങ്കിലും അവസാനകളിവരെ ആവേശം നിലനിൽക്കും തീർച്ച.