തിരുവനന്തപുരം
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ആറു വർഷത്തിനിടെ കേരളം ദേശീയപാതാ അതോറിറ്റിക്ക് നൽകിയത് 4085 കോടി രൂപ. ദേശീയപാതാ അതോറിറ്റി, കിഫ്ബി, സംസ്ഥാന സർക്കാർ എന്നീ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണിത്. സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും അതോറിറ്റിയാണ് വഹിക്കുന്നത്. എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെയാണ് ദേശീയപാത 66ന്റെ കേരളത്തിലൂടെ കടന്നുപോകുന്ന ഭാഗം ആറുവരിയാക്കുന്ന പദ്ധതിക്ക് ജീവൻവച്ചത്.
മഹാരാഷ്ട്രയിലെ പനവേലിൽ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന 1622 കിലോമീറ്റർ പാതയിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ 669 കിലോമീറ്ററാണ് കേരളത്തിലുള്ളത്. മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തിയാണ് ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ പരിഹരിച്ചത്. മലബാർ മേഖലയിലും തൃശൂർ, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം നടക്കുകയാണ്.
ആകെയുള്ള 20 റീച്ചിൽ 16 എണ്ണത്തിന്റെ നിർമാണകരാർ നൽകി. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിർമാണത്തിന്റെ പ്രാരംഭ ജോലി തുടങ്ങി. 19 –-ാം റീച്ചായ കഴക്കൂട്ടം–മുക്കോല പാതയുടെ നിർമാണം പൂർത്തിയാക്കി. 20 –-ാം റീച്ച് മുക്കോല–കാരോട് നീർമാണം തുടരുന്നു. 18–-ാം റീച്ച് കടമ്പാട്ടുകോണം– കഴക്കൂട്ടം പാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു.