കൂത്താട്ടുകുളം > പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ അഞ്ചു കോടി രൂപ നേടിയ ഭാഗ്യവാൻ അയാൾ തന്നെ, ലോട്ടറി വിൽപ്പനക്കാരൻ കിഴകൊമ്പ് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ മോളേപ്പറമ്പിൽ ജേക്കബ് കുര്യൻ. സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പർ നേടിയ ആർ എ 591801 ടിക്കറ്റ് ജേക്കബ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ നൽകിയതോടെ രണ്ടുദിവസത്തെ ആകാംക്ഷയും അഭ്യൂഹങ്ങളും അവസാനിച്ചു. ബമ്പർ താൻ വിറ്റ ടിക്കറ്റിനാണെന്നാണ് ജേക്കബ് പറഞ്ഞിരുന്നത്.
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ടിക്കറ്റടങ്ങുന്ന കൂട്ടത്തിൽനിന്ന് എടുത്തുവച്ച ഇഷ്ടനമ്പറിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. പഠനാവശ്യത്തിനായി പോയ മകന്റെ പേഴ്സിലായിരുന്നു ടിക്കറ്റ്. സ്ഥലത്തില്ലാത്ത ആളുടെ കൈവശമുള്ള ടിക്കറ്റായതിനാൽ പുറത്തുപറഞ്ഞാൽ ഉണ്ടാകുന്ന സുരക്ഷാപ്രശ്നംകൂടി കണക്കിലെടുത്താണ് മകനെത്താൻ കാത്തിരുന്നത്. മകൻ വീട്ടിലെത്തിയശേഷം ചൊവ്വ ഉച്ചയോടെ ലോട്ടറി ബാങ്കിൽ എൽപ്പിച്ചെന്നും ജേക്കബ് കുര്യൻ പറഞ്ഞു.
മുപ്പത് വർഷമായി നടത്തുന്ന സ്റ്റേഷനറിക്കടയിൽ ജേക്കബ് ലോട്ടറിയും വിൽക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽനിന്ന് കൂത്താട്ടുകുളത്തെ ലോട്ടറി വ്യാപാരിയുടെ ഭാര്യ മെർലിൻ ഫ്രാൻസിന്റെ പേരിലുള്ള ഏജൻസിയാണ് ടിക്കറ്റ് വിതരണം ചെയ്തത്. ഒന്നാംസമ്മാനവും മറ്റു സീരിസുകളിലെ സമാശ്വാസ സമ്മാനങ്ങളും അടിച്ച ടിക്കറ്റുകളും കൂത്താട്ടുകുളത്തുതന്നെയാണ് വിറ്റത്.