ന്യൂഡൽഹി
അവസാന പന്തുവരെ ആവേശം വിതറിയ കളിയിൽ കർണാടകത്തെ വീഴ്ത്തി തമിഴ്നാട് സയ്ദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫി നിലനിർത്തി.
ഒരുപന്തിൽ അഞ്ച് റണ്ണായിരുന്നു തമിഴ്നാടിനാവശ്യം. ക്രീസിൽ ഓൾറൗണ്ടർ ഷാരുഖ് ഖാൻ. പ്രതീക് ജെയ്ൻ എറിഞ്ഞ പന്ത് സിക്സർ പറത്തി ഷാരൂഖ് കർണാടകത്തിന്റെ എല്ലാ പ്രതീക്ഷകളും കെടുത്തി. 15 പന്തിൽ മൂന്ന് സിക്സറും ഒരു ഫോറും ഉൾപ്പെടെ 33 റണ്ണടിച്ച് വലംകൈയൻ തമിഴ്നാടിന് ജയമൊരുക്കി. സ്കോർ: കർണാടകം 7–-151, തമിഴ്നാട് 6–-153 (20).
ഫൈനലിൽ ടോസ് നേടിയ തമിഴ്നാട് കർണാടകത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ മനീഷ് പാണ്ഡെ (13), കരുൺനായർ (18) എന്നീ മുൻനിരക്കാർ പതറിയപ്പോൾ 37 പന്തിൽ 46 റണ്ണടിച്ച് അഭിനവ് മനോഹറാണ് കർണാടകത്തെ കാത്തത്. ആർ സായി കിഷോർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടിയിൽ പതുക്കെയായിരുന്നു തമിഴ്നാട് നീങ്ങിയത്. എൻ ജഗദീശനാണ് (46 പന്തിൽ 41) ടോപ്സ്കോറർ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴാണ് ഷാരൂഖ് എത്തിയത്. അവസാന ഓവറിൽ 16 റൺ വേണമായിരുന്നു ജയിക്കാൻ.