തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തിൽ അപമാനിക്കാൻ ശ്രമമെന്ന് ജനറൽ സെക്രട്ടറി ജെ എസ് ഷിജൂഖാൻ പറഞ്ഞു. 1960 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ജുവനൈൽ ജസ്റ്റിസ് നിയമം 2015 വകുപ്പ് 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസിക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ട്. 2017 ഡിസംബർ 20മുതൽ സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്ന രജിസ്ട്രേഷന് 2022 വരെയാണ് കാലാവധി. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ദത്തെടുക്കൽ- –-ശിശുപരിപാലന രംഗത്ത് കേന്ദ്ര––സംസ്ഥാന നിയമ പ്രകാരമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 14 ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സമിതികൾ കുട്ടികളുടെ സാംസ്കാരിക-–-വിദ്യാഭ്യാസ-–- കായിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. പരിശീലനം നേടിയ ആയമാർ, മറ്റു ജീവനക്കാർ ഉൾപ്പെടെയുള്ളവർ കുഞ്ഞുങ്ങളെ പരിചരിക്കുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചാണ് സമിതി പ്രവർത്തിക്കുന്നതെന്നും ഷിജൂഖാൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രചാരണം നുണ; ശിശുക്ഷേമ സമിതിക്ക് 2022വരെ ലൈസൻസ്
ശിശുക്ഷേമ സമിതിക്ക് ദത്തു നൽകാൻ ലൈസൻസ് ഇല്ലെന്നത് നുണ പ്രചാരണം. 2022 ഡിസംബർവരെ ദത്തു നൽകാൻ സമിതിക്ക് ലൈസൻസുണ്ട്. 2015ലെ കേന്ദ്രനിയമം, 2017ലെ അഡോപ്ഷൻ റെഗുലേഷൻ എന്നിവ പ്രകാരം ലൈസൻസ് നൽകേണ്ടത് സംസ്ഥാനമാണ്. 2017 ഡിസംബർ 20 മുതൽ അഞ്ചുവർഷത്തേക്ക് സംസ്ഥാന സർക്കാർ ലൈസൻസ് നൽകിയിട്ടുണ്ട്. കാലാവധി തീരാൻ ഒരു വർഷത്തിൽ കൂടുതലുണ്ട്. 20ന് തിരുവനന്തപുരം കുടുംബ കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കിയ ലൈസൻസിന്റെ കോപ്പി സാക്ഷ്യപ്പെടുത്തിയിരുന്നില്ല. ഈ പിഴവാണ് ലൈസൻസ് ഇല്ലെന്ന നിലയിൽ പ്രചരിപ്പിച്ചത്.