തിരുവനന്തപുരം: ശിശുക്ഷേമ സമിതിയ്ക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി സെക്രട്ടറി ഷിജു ഖാൻ.ജൂവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസിക്കുള്ളരജിസ്ട്രഷൻ സർട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 2017മുതൽ അഞ്ച് വർഷത്തേക്ക് സംസ്ഥാന സർക്കാർ അനുവദിച്ച അനുമതിയുമുണ്ട്.അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി കേരള സംസ്ഥാന ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങളെ സമിതി അപലപിക്കുന്നുവെന്ന് ഷിജു ഖാൻ പ്രസ്താവനയിൽ അറിയിച്ചു.
അപായകരമായ അവസ്ഥയിലേക്കോ ജീവഹാനി സംഭവിക്കാവുന്ന അവസ്ഥയിലേക്കോ എത്തിപ്പെടാൻ സാധ്യതയുള്ള അനേകം കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന സ്ഥാപനമാണ് ശിശുക്ഷേമ സമിതി. നിർവചിക്കാനോ വ്യാഖ്യാനിക്കാനോ കഴിയാത്തവിധം ഉന്നതമായ മനുഷ്യ സ്നേഹമാണ് ശിശുക്ഷേമ സമിതിയുടെ മുഖമുദ്ര, പ്രസ്താവനയിൽ പറയുന്നു.
ദത്തെടുക്കൽ പരിപാലന രംഗത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. ദേശീയ- അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് സമിതി പ്രവർത്തിക്കുന്നത്. ശിശുക്ഷേമ സമിതിയ്ക്ക് ഏറ്റവും പ്രധാനം കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുടെ സംരക്ഷണവും പരിചരണവുമാണ്. പൊതുസമൂഹവും കൂട്ടികളെ സ്നേഹിക്കുന്നവരും സമിതിയിൽ അർപ്പിച്ച വിശ്വാസവും കരുതലും കാത്തുസൂക്ഷിക്കാൻ സമിതി പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകർക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുന്നുവെന്നും ഷിജുഖാൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.