കൊച്ചി > ട്വന്റി–20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന. പൊതുമരാമത്തുവകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്തുപ്രദേശത്ത് റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കൊച്ചി യൂണിറ്റിന്റെ പരിശോധന. തിങ്കള്‍ പകല്‍ 11ന് പഞ്ചായത്ത് എന്‍ജിനിയറിങ് വിഭാഗത്തിലാണ് ആരംഭിച്ചത്.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ട്വന്റി–20 ചീഫ് കോ–ഓര്‍ഡിനേറ്ററും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ് എന്നിവര്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണറേറിയത്തിനുപുറമെ ട്വന്റി–20 നല്കുന്ന മാസപ്പടി അഴിമതി നിരാേധന നിയമപ്രകാരം കുറ്റകരമാണെന്ന് പരാതിയിലുണ്ട്. 2015—20ലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തണം. 2010–15 കാലയളവില്‍ കിറ്റെക്സ് കമ്പനിയില്‍ സ്ഥാപിച്ച ബ്ലീച്ചിങ് ആന്‍ഡ് ഡൈയിങ് യൂണിറ്റിന് നിയമപരമായ അനുമതി ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ മൂന്ന് യൂണിറ്റുകളാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയിട്ടും വ്യക്തമായ മറുപടി പഞ്ചായത്തില്‍നിന്ന് ലഭിച്ചില്ല. ഈ പ്ലാന്റുകളില്‍ പരിശോധന നടത്തി വിഷപദാര്‍ഥം ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയില്‍ മാലിന്യസംസ്കരണത്തിന് സംവിധാനമില്ല. കിഴക്കമ്പലത്ത്
2015–20ല്‍ ഭരണം പിടിക്കാന്‍ ട്വന്റി–20 നേതൃത്വത്തില്‍ നടത്തിയ ഇടപാടുകളില്‍ അഴിമതി നടന്നു. സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പഞ്ചായത്തില്‍ സമാന്തരഭരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കമ്പനിയിലെ തൊഴില്‍നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.