കോഴിക്കോട് ജില്ലയിൽ അടുത്തയിടെ നാലിടത്താണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പരിശോധനയിൽ പെരുമണ്ണയിലെ ഒരു കിണറിലും നരിക്കുനിയിലെ മൂന്ന് കിണറുകളിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ കിണറുകൾ ക്ലോറിനേഷൻ ചെയ്ത് ശുചീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സൂപ്പർവൈസർമാരുടെ യോഗത്തിലാണ് നിർദ്ദേശം.
നരിക്കുനിയിൽ രണ്ടര വയസുകാരൻ മരണപ്പെട്ടത് ഭക്ഷ്യ വിഷബാധ മൂലമാണെന്നാണ് മെഡിക്കൽ കോളേജിന്റെ പ്രാഥമിക റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താൻ സാധിക്കൂ എന്ന് ഡിഎംഒ ഡോ ഉമർ ഫാറൂഖ് പറഞ്ഞു. കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ജില്ലയിൽ ഇതുവരെ ആർക്കും കോളറ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കിണറുകളിൽ ആരോഗ്യ വകുപ്പ് റാൻഡം പരിശോധന നടത്തും.
ഒരാഴ്ച മുമ്പാണ് നരിക്കുനിയിലെ പന്നിക്കോട്ടൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരൻ യമീൻ മരിച്ചത്. വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെയായിരുന്നു മരണം. യമീൻ അടക്കം 11 കുട്ടികളിലാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കാക്കൂർ, നരിക്കുനി, താമരശേരി എന്നിവിടങ്ങളിലെ കിണറുകളിലാണ് പരിശോധന നടത്തിയത്. കാക്കൂർ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ നിന്നാണ് വിവാഹത്തിനുള്ള ഭക്ഷണം എത്തിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം അന്നുതന്നെ കടയ്ക്കെതിരെ നടപടി സ്വീകരിക്കുകയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു.
വധുവിന്റേയും വരന്റെയും വീട്ടിലെ കിണറുകളിലും കാറ്ററിങ് സ്ഥാപനം വെള്ളം ശേഖരിച്ച കിണറിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികൾക്കും കോളറയുടെ ലക്ഷണമില്ല.