തിരുവനന്തപുരം > ആയുസ്സ് മുഴുവൻ അക്ഷരങ്ങളോടൊപ്പം നടന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം. മലയാളി മനസ്സുകളിൽ ധിഷണാഗ്നി ജ്വലിപ്പിച്ച പി ജിയുടെ ചരമവാർഷികദിനത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ‘പി ജി റഫറൻസ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറി. പെരുന്താന്നി സുഭാഷ് നഗറിലെ ‘മുളയ്ക്കൽ’ വീട്ടിലിരുന്നാണ് ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പി ജി ചിന്തിച്ചതും എഴുതിയതും. പി ജിയുടെ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങൾ മുളയ്ക്കൽ വീട്ടിലെ മുകൾനിലയിൽ വായനക്കാരെ കാത്തിരിക്കുന്നു.
പി ജി എഴുതിയ ബൃഹദ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 17,500 പുസ്തകമാണ് വായനക്കാരെ കാത്തിരിക്കുന്നത്. രാഷ്ട്രീയം, കല, സംസ്കാരം, സാമ്പത്തികം തുടങ്ങി വിഷയവൈവിധ്യംകൊണ്ട് സമ്പന്നമാണ് ഗ്രന്ഥശേഖരം. മലയാളത്തിൽ ആദ്യ കാലത്ത് പ്രസിദ്ധീകരിച്ച അപൂർവ പുസ്തകങ്ങളുമുണ്ട്. വിവിധ ഭൂഖണ്ഡങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാജ്യങ്ങളുടെ പോരാട്ട ചരിത്രവും പുസ്തകങ്ങളായുണ്ട്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും റഫറൻസിന് ഉപയോഗിക്കാവുന്ന തരത്തിലാണ് ലൈബ്രറി. ‘അച്ഛന് പുസ്തകങ്ങളായിരുന്നില്ല അതിലെ ആശയങ്ങളോടായിരുന്നു പ്രണയം. വയസ്സായപ്പോഴും പുതിയ ആശയങ്ങൾ വായിക്കാനും അറിയാനും ശ്രമിച്ചു. മരണശേഷമാണ് ലൈബ്രറിയുടെ രൂപത്തിൽ ക്രമീകരിച്ചത്. മുകളിലത്തെ നിലയിലേക്ക് കയറാൻ വയ്യാതിരുന്നപ്പോൾപ്പോലും ആവശ്യമുള്ള പുസ്തകമിരിക്കുന്ന ഷെൽഫും ഇരിക്കുന്ന സ്ഥാനവും കൃത്യമായി പറയുമായിരുന്നു’–- മകൾ ആർ പാർവതീ ദേവി ഓർമിക്കുന്നു. ‘അറിവ് സൂക്ഷിച്ചുവയ്ക്കാതെ മറ്റുള്ളവരിലേക്ക് പകരണമല്ലോ. അതുകൊണ്ടാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും പുസ്തകങ്ങൾക്കായി സമീപിച്ചിരുന്നു. ആകെയുള്ള ചെലവ് പുസ്തകങ്ങൾക്കുവേണ്ടിയായിരുന്നു, അവസാനകാലത്ത് മരുന്നിനും. കുമാരനാശാന്റെ കവിതകളാണ് അവസാനകാലത്ത് വായിച്ചുകേട്ടിരുന്നത്. പുസ്തകങ്ങളോട് മാത്രമായിരുന്നു, അദ്ദേഹത്തിന് ജീവിതത്തിൽ ഒന്നിനോടും വേർതിരിവുണ്ടായിരുന്നില്ല. അക്ഷരങ്ങൾ ആയാൽമാത്രം മതിയായിരുന്നു ആകെ ഉണ്ടായിരുന്ന സ്വാർഥത. ഞങ്ങളെ ആരെങ്കിലും കൊണ്ടുപോയാൽപ്പോലും അച്ഛന് പ്രശ്നമില്ല, പുസ്തകങ്ങൾ കൈവിടില്ല’ എന്നു ഞങ്ങൾ തമാശരൂപേണ പറയുമായിരുന്നു–-അവർ പറഞ്ഞു.
ചരിത്രകാരൻ ഡോ. കെ എൻ പണിക്കരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പി ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ലൈബ്രറി പ്രവർത്തനം തുടങ്ങുന്നത്. പി ജി സംസ്കൃതി കേന്ദ്രം ഡയറക്ടർ ആനാവൂർ നാഗപ്പൻ അധ്യക്ഷനാകും.