മൂന്നാർ: ഇടമലക്കുടി ട്രൈബൽ സ്കൂളിലെ വിദ്യാർഥികളുടെ യൂണിഫോം തയ്ച്ച വകയിലെ കൂലിനൽകാതെ പോലീസ് ഉദ്യോഗസ്ഥൻ പറ്റിച്ചതായി പരാതി. ബൈസൺവാലി പൊട്ടൻകാട് സ്വദേശിയായ ബോബി ജോർജാണ് തയ്യൽക്കൂലിയായ 27,500 രുപനൽകാതെ പറ്റിച്ച എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേ രംഗത്തെത്തിയത്.
2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബൽ സ്കൂളിലെ 80 കുട്ടികളുടെ സർക്കാർ നൽകിയ യൂണിഫോം തയ്ക്കാൻ അന്നത്തെ ട്രൈബൽ ഇൻറലിജൻസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനാണ് ബോബിയെ ചുമതലപ്പെടുത്തിയത്. ജനമൈത്രി പോലീസിന്റെ ജനമൈത്രി ഫണ്ടിൽനിന്ന് പണം നൽകാമെന്നായിരുന്നു സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം സ്വന്തം പണം മുടക്കി ടാക്സിയിൽ ഇടമലക്കുടിയിലെത്തി യൂണിഫോം ബോബി വീട്ടിലെത്തിച്ചു. ഇതിനിടയിൽ കോവിഡ് ലോക് ഡൗൺ എത്തിയെങ്കിലും പ്രഥമാധ്യാപകന്റെ നിർബന്ധംമൂലം ടൗണിലെ തയ്യൽകടയിൽനിന്നു തയ്യൽ മെഷീൻ വീട്ടിലെത്തിച്ച് രാത്രിയും പകലുമിരുന്ന് തയ്ച്ചു. ഒക്ടോബറിൽ വാഹനംപിടിച്ച് യൂണിഫോം കുടിയിലെത്തിച്ചു നൽകി. ഇതിനുശേഷം പലതവണ ഈ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പണിക്കൂലി ആവശ്യപ്പെട്ടു. ആദ്യമൊക്കെ നാളെ തരാം, പിന്നെ തരാം എന്ന് പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറി. പിന്നീട് ഫോൺ വിളിച്ചാൽ, നിനക്കെന്നാടാ പോലീസിനെ വിശ്വാസമില്ലെയെന്നുൾപ്പെടെയുള്ള തരത്തിൽ ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം.
ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കാത്ത അവസ്ഥയാണ്. എസ്.ഐ.യുടെ ആവശ്യപ്രകാരം ഏറ്റവും കുറഞ്ഞകൂലിക്കാണ് യൂണിഫോം തയ്ച്ചുനൽകിയത്. ലോക് ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന കടകൾ തുറപ്പിച്ചു കടമായാണ് നൂലും ബട്ടൻസും മറ്റും വാങ്ങിയത്.
ഈ പണംപോലും മടക്കിനൽകാൻ കഴിഞ്ഞില്ലെന്ന് ബോബി പറഞ്ഞു. രാത്രിയും പകലുമിരുന്ന് ചെയ്ത പണിയുടെ കൂലിനൽകാതെ പറ്റിച്ച രാജാക്കാട് സ്വദേശിയായ എസ്.ഐ.െയ്ക്കതിരേ പോലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബോബി.