മുംബൈ
ഇന്ത്യയില് നിര്മിച്ച ഏറ്റവും സംഹാരശേഷി കൂടിയ പടക്കപ്പല് ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമര്പ്പിച്ചു. വിമാനങ്ങളെയും അന്തര്വാഹിനികളെയും കപ്പലുകളെയും തകര്ക്കാന് ശേഷിയുള്ള മിസൈല് സംവിധാനത്തോടുകൂടിയ ക്ലാസ് ഡിസ്ട്രോയര് ഗണത്തിലുള്ള കപ്പല് മുംബൈയിലെ മസഗാവില് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കമീഷൻ ചെയ്തു. നാവികസേനയുടെ കപ്പല്നിര്മാണശാലയിലാണ് നിര്മിച്ചത്.
ഇന്തോ–പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണെന്നും സമാധാനം ഇല്ലാതാക്കാൻ “ചില രാജ്യങ്ങൾ’ ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
163 മീറ്റര് നീളവും 17 മീറ്റര് വീതിയുമുള്ള പടക്കപ്പലിന് 7400 ടണ് വാഹകശേഷിയുണ്ട്. ആകാശത്തെയും ഭൂമിയിലെയും ലക്ഷ്യകേന്ദ്രങ്ങളിലേക്ക് തൊടുക്കാവുന്ന മിസൈലുകള്, അന്തര്വാഹിനികളെ തകര്ക്കാനുള്ള ടോര്പിഡോകള്, ഹെലികോപ്റ്ററുകള് എന്നിവ വഹിക്കാനാകും.