രാധാമോഹൻ സംവിധാനംചെയ്ത പയണം (2011) എന്ന സിനിമയ്ക്ക് കഥയും തിരക്കഥയുമെഴുതിയാണ് ടി ജെ ജ്ഞാനവേലിന്റെ രംഗപ്രവേശം. 2012ൽ ധോണിക്ക് തിരക്കഥയെഴുതി. 2017ൽ ‘കൂട്ടത്തിൽ ഒരുത്തൻ’ സംവിധാനം ചെയ്തു. അതിനുശേഷമാണ് ജയ്ഭീം. കിരീടം ഉൾപ്പെടെയുള്ള മലയാള സിനിമകൾ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നു തമിഴ് സാഹിത്യത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഈ നാൽപ്പതുകാരൻ
‘ജയ്ഭീം’ ഉയർത്തിയ അലകൾ ഒടുങ്ങിയിട്ടില്ല. ഒമ്പതു ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം തമിഴകത്തെ ജാതീയമായ വിവേചനവും അതിനെതിരെ സിപിഐ എം നടത്തിയ ഐതിഹാസികമായ സമരങ്ങളും സജീവമായ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നു. ലോക്കപ്പിൽ മർദിച്ചു കൊന്ന രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് (സിനിമയിൽ സെങ്കിണി) വീടുവയ്ക്കാൻ സഹായിക്കണമെന്ന സിപിഐ എമ്മിന്റെ അഭ്യർഥനമാനിച്ച് ചിത്രത്തിലെ നായകൻ സൂര്യ 15 ലക്ഷം രൂപ സമ്മാനിച്ചതാണ് പുതിയ വാർത്ത. സൂര്യയുടെയും സിപിഐ എം പിബി അംഗം ജി രാമകൃഷ്ണന്റെയും സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പാർവതി അമ്മാൾക്ക് ചെക്ക് കൈമാറുകയും ചെയ്തു. ജയ്ഭീമിന് ലഭിക്കുന്ന പ്രശംസയുടെ പശ്ചാത്തലത്തിൽ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംസാരിക്കുന്നു:
തമിഴ് സിനിമകളിൽ ചെങ്കൊടിയും സിപിഐ എം പ്രകടനങ്ങളും സമരങ്ങളും അപൂർവമാണ്. താങ്കൾ എങ്ങിനെ അതിനു തയ്യാറായി?
രാജാക്കണ്ണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരകൾക്ക് നീതി ലഭ്യമാക്കാൻ തുടക്കം മുതൽ ഒടുക്കം വരെ സിപിഐ എം ഒപ്പംനിന്നു. ചരിത്രം വളച്ചൊടിക്കാനാകില്ല. കാര്യങ്ങൾ മുഴുവനായിട്ടല്ലെങ്കിലും സത്യസന്ധമായി പറയാനാകണം. സിപിഐ എമ്മിന്റെ പങ്ക് കുറച്ചുകാണാനോ മാറ്റിനിർത്താനോ കഴിയില്ല. അഡ്വ. ചന്ദ്രുവിനെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻബലം സിപിഐ എം ആയിരുന്നുവെന്ന് പറഞ്ഞേ തീരു. എസ്എഫ്ഐ സ്ഥാപകനേതാക്കളിൽ ഒരാളാണദ്ദേഹം. സജീവ സിപിഐ എം പ്രവർത്തകൻ. അദ്ദേഹത്തിന്റെ പിൻബലം പാർടിയാണ്. പാർടിയിൽനിന്ന് അകന്നപ്പോഴും പാർടിയുമായി സഹകരിക്കുന്നു. കേസുകൾ വാദിച്ചിരുന്നു. അദ്ദേഹം തികഞ്ഞ കമ്യൂണിസ്റ്റുകാരനാണെന്ന് പറയുന്നതിൽ സംശയിക്കേണ്ടതില്ല.
സിനിമയിലുടനീളം ചെങ്കൊടിയും നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയത് ബോധപൂർവമാണ്. പാർവതിഅമ്മാളിന് നീതിലഭിക്കാൻ അവസാനം വരെ പാർടി നടത്തിയ പോരാട്ടം മറച്ചുവയ്ക്കാനാകില്ല. മാർക്സ്, ലെനിൻ, അംബേദ്കർ എന്നിവരുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കോടതി രംഗത്തിൽ വി ആർ കൃഷ്ണയ്യരുടെ ചിത്രമുണ്ട്. അദ്ദേഹവും കമ്യൂണിസ്റ്റുകാരനാണ്.
എന്തുകൊണ്ട് ഈ സംഭവം?
തമിഴ്നാട്ടിൽ എവിടെ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെട്ടാലും അവർക്കുനേരെ മനുഷ്യാവകാശ ലംഘനമുണ്ടായാലും സിപിഐ എം മാത്രമാണ് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളത്. അത്തരമൊരു സമരത്തിന് ഞാൻ സാക്ഷിയാണ്. ജില്ലാതല സമരമായിരുന്നു. അതിൽ പാർടി നേതാക്കളും ആദിവാസികളും പങ്കുകൊണ്ടതും നീതിക്കായുള്ള അവരുടെ സമരവും എന്നെ ആകർഷിച്ചു. അത്ഭുതപ്പെടുത്തി. അന്നു തീരുമാനിച്ചതാണ് ഇത്തരത്തിലൊരു സിനിമ. ആദിവാസികളുടെയും ദളിതരുടെയും പിന്നിൽ തളരാതെ നിൽക്കാൻ മറ്റാരുണ്ട്.
അഡ്വ. ചന്ദ്രുവും ശെങ്കിണിയും കേരളത്തിൽ എത്തുമ്പോഴും കമ്യൂണിസ്റ്റു പാർടി നിറസാന്നിധ്യമാണ്.
കാണാതായവരെ തേടി അഡ്വ. ചന്ദ്രുവും ശെങ്കിണിയും മൈത്രയും എത്തുന്നത് മൂന്നാറിലാണ്. അവിടെ തെരഞ്ഞെടുപ്പ് പ്രതീതിയുള്ള പ്രകടനവും ബോർഡുകളും ബാനറുകളും കാണിച്ചതും കമ്യൂണിസ്റ്റു പാർടിയുടെ പങ്ക് പറയാൻ വേണ്ടിത്തന്നെയാണ്. ജനങ്ങൾക്കുവേണ്ടി ജീവിക്കുന്നവരെക്കുറിച്ച് പറയാതിരിക്കാനാകില്ല.
സെൻസർമാരുടെ എതിർപ്പുണ്ടായോ?
നടന്ന സംഭവത്തെക്കുറിച്ച് പറയുമ്പോൾ കമ്യൂണിസ്റ്റുപാർടിയുടെ പങ്ക് പറയാതിരിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് അവരും ചിത്രത്തെ സമീപിച്ചത്.
അൻപേശിവത്തിനുശേഷം സ്ക്രീനിൽ ചെങ്കൊടി അപൂർവമായിട്ടേ കാണിച്ചിട്ടുള്ളൂ.
അൻപേ ശിവത്തിനുശേഷം ജിപ്സി, ജോക്കർ, മേക്കു തൊടർച്ചിമലൈ എന്നീ സിനിമകളിലും ജനനന്മക്കായുള്ള കമ്യൂണിസ്റ്റു പാർടിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞിട്ടുണ്ട്.
കഥയുമായി സമീപിച്ചപ്പോൾ സൂര്യയുടെ പ്രതികരണം എന്തായിരുന്നു.?
കഥപറഞ്ഞു തുടങ്ങി അഞ്ചാം മിനിറ്റിൽ സിനിമ നിർമിക്കാനും അഭിനയിക്കാനും അദ്ദേഹം തയ്യാറായി. അതു വലിയ അംഗീകാരമായിരുന്നു. പിന്നീട് കഥ മുഴുവൻ വായിച്ചപ്പോഴും വല്ലാത്ത ത്രില്ലിലായിരുന്നു.
സിനിമ ഹിറ്റാകുമെന്ന് കരുതിയിരുന്നോ?
വിജയം നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. ഒമ്പതു ഭാഷകളിലും വൻഹിറ്റായതും സമൂഹമാധ്യമങ്ങളിൽ തരംഗമായതും വലിയ പ്രചോദനമാണ്.
അഭിനേതാക്കൾക്കുള്ള പരിശീലനം അടക്കമുള്ള തയ്യാറെടുപ്പുകൾ എങ്ങനെയായിരുന്നു.?
യഥാർഥ സംഭവുമായി ബന്ധമുള്ളതിനാൽ നല്ല പരിശീലനം നൽകേണ്ടിവന്നു. അഭിനേതാക്കളുടെ പരിശീലനം ദിവസങ്ങളോളം നീണ്ടു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളിയായ അധ്യാപകൻ ജിജോയ് രാജഗോപാലായിരുന്നു പരിശീലകൻ. ഇദ്ദേഹം മൂന്നാറിലെ പെട്ടിക്കടക്കാരനായി അഭിനയിച്ചിട്ടുണ്ട്.
പത്രപ്രവർത്തകനെന്ന നിലയിലുള്ള അനുഭവം സഹായിച്ചോ.?
ആനന്ദവികടനിലെ പത്രപ്രവർത്തനാനുഭവം മുതൽകൂട്ടുതന്നെയാണ്. ആദിവാസികൾ പീഡിപ്പിക്കപ്പെടുന്നതും അതിനെതിരെ കമ്യൂണിസ്റ്റുകാർ നടത്തുന്ന സമരവും മറ്റു പ്രക്ഷോഭങ്ങളും കാണാനും റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞു. രാജാക്കണ്ണും കുടുംബവും അനുഭവിച്ച പീഡനത്തിന്റെ 40 ശതമാനം മാത്രമേ സിനിമയിലുള്ളു. ഇതുപോലുള്ള എത്രയോ കഥകൾ ഇനിയും പറയാനുണ്ട്.
ഈ കേസ് നിങ്ങളുടെ ശ്രദ്ധയിൽ വന്നതെങ്ങിനെ?
ജസ്റ്റിസ് ചന്ദ്രു വക്കീലായിരിക്കെ അഭിമുഖം നടത്തിയപ്പോഴാണ് രാജാക്കണ്ണിന്റെ കേസ് പരാമർശിച്ചത്. അത് മനസ്സിൽ പതിഞ്ഞു. സിനിമയിലെത്താൻ 15 വർഷം വേണ്ടിവന്നു. ഇതിനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ദളിത്–-ആദിവാസി വിഭാഗക്കാർ, മഹിളാ–യുവജന നേതാക്കൾ എന്നിവരെ കണ്ടു.
പാട്ടാളിമക്കൾ കക്ഷി എതിർക്കുന്നതിനെ എങ്ങനെ കാണുന്നൈ?
സിനിമയിൽ ഒരു സമുദായത്തെയും അപമാനിക്കുന്നില്ല. വിവാദം എന്തിനുവേണ്ടിയെന്നറിയില്ല.
അടുത്ത സിനിമ.
അടുത്ത സിനിമയും സമൂഹം അറിയേണ്ട ചില യഥാർഥ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരിക്കും.