ന്യൂഡൽഹി
ചരിത്രം കുറിച്ച കർഷകപ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ രണ്ട് ഡോക്ടർമാരും. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ അശോക് ധാവ്ളെ, പഞ്ചാബിലെ കർഷകസംഘടനകളുടെ ഏകോപനസമിതി കൺവീനർ ദർശൻപാൽ എന്നിവരാണിവർ. ചരിത്രം കുറിച്ച കർഷകപ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ രണ്ട് പേർ ഡോക്ടർമാരാണെന്നതിൽ വൈദ്യസമൂഹത്തിന് മുഴുവൻ അഭിമാനിക്കാമെന്ന് ഡോ. ബി ഇഖ്ബാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
അശോക് ധാവ്ളെ എംബിബിഎസ് നേടിയ ശേഷം 1976 മുതൽ 1983വരെ വൈദ്യസേവനം നടത്തി. പിന്നീട് ആ മേഖല വിട്ട് പൊളിറ്റിക്സിൽ എംഎ നേടി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. എസ്എഫ്ഐ അഖിലേന്ത്യാ വൈസ്പ്രസിഡന്റ്, ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്, സിപിഐ എം മഹാരാഷ്ട്ര സംസ്ഥാനസെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. ഐതിഹാസികമായ കർഷകമാർച്ചിനും ചരിത്രം കുറിച്ച കർഷകപ്രക്ഷോഭത്തിനും നേതൃത്വം നൽകി.ക്രാന്തി കിസാൻ യൂണിയൻ നേതാവായ ഡോ. ദർശൻ പാൽ പഞ്ചാബിലെ കർഷകപ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1970കളിൽ ജെപി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ സജീവമാകുന്നത്. 1975ൽ എംബിബിഎസും 1984ൽ അനസ്തീഷ്യ എംഡിയും കരസ്ഥമാക്കി. വൈദ്യസേവനത്തോടൊപ്പം ദളിത്, തൊഴിലാളി പ്രക്ഷോഭങ്ങളിലും പങ്കാളിയായി. 2002ൽ വൈദ്യവൃത്തി മതിയാക്കി കർഷകപ്രസ്ഥാനങ്ങളുടെ മുഴുവൻസമയ പ്രവർത്തകനായി.