കോഴിക്കോട്: തിരുവനന്തപുരത്ത്വിമത യോഗം ചേർന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാൻ എൽജെഡി നേതൃയോഗത്തിൽ തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുക. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നും എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർഎം.പി പറഞ്ഞു.
അച്ചടക്ക ലംഘനം നടത്തിയവർ തെറ്റുതിരുത്തി വന്നാൽ അവർക്കുമുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ല. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽഅദ്ദേഹം പറഞ്ഞു.
സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടന്നത്. വിമതയോഗവും അതിനുശേഷം നടന്ന വാർത്താ സമ്മേളനവും പാർട്ടി ശക്തമായി അപലപിക്കുന്നു. വിമത പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർട്ടിയെ തളർത്താനല്ല, വളർത്താനാണ് ശ്രമിക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനംശ്രേയാംസ് കുമാർ ഒഴിയണമെന്നായിരുന്നു വിമത സ്വരം ഉയർത്തിയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യവും ശനിയാഴ്ച ചേർന്ന യോഗം തള്ളിയതായിശ്രേയാംസ് കുമാർ പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെയും പാർട്ടിയുടെ ഏക എം.എൽ.എ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പാർട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
content highlights:LJD leadership decides to issue show cause notice to dissidents