തിരുവനന്തപുരം > കേരളത്തിന്റെ വികസനത്തിന് വഴിമുടക്കുന്ന നയമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുകയാണ് യുഡിഎഫും ബിജെപിയും. വികസന പദ്ധതികളെ എതിര്‍ക്കുമെന്നാണ് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വികസനകാര്യങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വിജയരാഘവന് പറഞ്ഞു.
പുതിയ കാലത്തിന് അനുയോജ്യമായ തരത്തില്‍ കേരളം നവീകരിക്കപ്പെട്ടില്ലെങ്കില്‍ യുവതലമുറ പിന്തള്ളും. എന്നാല്‍ കേരളത്തെ പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ശബരിമല വിമാനത്താവള പദ്ധതിയോട് കേന്ദ്രം മുഖം തിരിഞ്ഞുനില്ക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ ഇപ്പോഴും അനുവാദം കൊടുത്തിട്ടില്ല. സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയില്‍ നേരത്തേ പറഞ്ഞ മൂലധനം നിക്ഷേപം നടത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പറയുന്നു. ഇതൊന്നും യുഡിഎഫിന് ഒരു വിഷയമേയാകുന്നില്ല. ബിജെപിയുടെ വിധേയന്മാരായി ചുരുങ്ങുകയാണ് യുഡിഎഫ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ വലിയ ആത്മവിശ്വാസും പ്രതീക്ഷയും രൂപപ്പെടുത്തിയിട്ടുണ്ടെന്നും വിജയരാഘവന് പറഞ്ഞു.
ഇന്ധനവില വര്‍ധനയ്ക്കിടയാക്കുന്ന കേന്ദ്രനയത്തിനെതിരെ നവംബര്‍ 23ന് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ 30ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവേട്ടക്കെതിരെ സിപിഐ എം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 7ന് സംസ്ഥാന വ്യാപകമായി സിപിഐ എം പ്രതിഷേധപരിപാടി സംഘടിപ്പിക്കും. ജനകീയ ചെറുത്തുനില്‍പ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് കര്‍ഷക സമരത്തിന്റെ വിജയമെന്നും വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.