പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ശനിയാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി.
നിലയ്ക്കൽകഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിന് തീരുമാനമായതായി ജില്ലാ കളക്ടർ അറിയിച്ചു. നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുകയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പമ്പ ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചായിരുന്നു കളക്ടറുടെ ഉത്തരവ്.