തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങൽ സ്വദേശി അരുൺദേവിനാണ് മർദനമേറ്റത്. സംഭവത്തിൽ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പഴയ അത്യാഹിത വിഭാഗത്തിനു സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു യുവാവിനു മർദനമേറ്റത്.
പോലീസ് പറയുന്നത്: അരുൺദേവിന്റെ മുത്തശ്ശി മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനേഴാം വാർഡിൽ ചികിത്സയിലാണ്. ഹൃദയസംബന്ധമായ അസുഖമാണ് ഇവർക്ക്. ഇവർക്ക് രണ്ടുദിവസമായി അരുണാണ് കൂട്ടിരിക്കുന്നത്. ഇദ്ദേഹം മാറിയ ശേഷം മറ്റൊരു ബന്ധു വെള്ളിയാഴ്ച കൂട്ടിരിക്കാൻ വന്നു. ഇതിനുള്ള പാസ് ബന്ധുവിനു നൽകാൻ വന്നപ്പോഴാണ് അരുൺദേവിന് മർദനമേറ്റത്.
പാസ് കൊടുക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാർ ഇത് തട്ടിയെടുത്ത് കീറിക്കളയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും യുവാവിന് മർദനമേൽക്കുകയുമായിരുന്നു. അരുൺദേവിനെ ഉള്ളിലേക്ക് കോളറിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി വീണ്ടും മർദിച്ചു.
അതേസമയം യുവാവ് തങ്ങളെ മർദിച്ചുവെന്നുകാട്ടി സുരക്ഷാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. യുവാവ് നാലഞ്ചുപേരുമായി വന്ന് അകത്തേക്കു കയറാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയതെന്ന് മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു.
ഇവിടെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോേളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മർദനമേറ്റതിനാൽ താൻ ആകെ അവശനാണെന്നും എഴുന്നേറ്റ് നിൽക്കാൻപോലും സാധിക്കുന്നില്ലെന്നും അരുൺദേവ് പറഞ്ഞു.
പലതവണ അറിയിച്ചു, നടപടിയില്ല
സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം സംബന്ധിച്ച് പോലീസിൽ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷാ ജീവനക്കാർക്കെതിരേ ആശുപത്രി അധികൃതർ നടപടിയെടുക്കാറില്ലെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു. രോഗികളോടോ അവരുടെ ബന്ധുക്കളോടോ എങ്ങനെ പെരുമാറണമെന്ന് ഇവർക്കറിയില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച വണ്ടിസ്റ്റാൻഡിനു സമീപവും സുരക്ഷാജീവനക്കാർ രോഗിയുടെ ബന്ധുവായ വയോധികയെ മർദിച്ചിരുന്നു. സെപ്റ്റംബർ 18-ന് റീജണൽ കാൻസർ സെന്ററിലെ സുരക്ഷാ ജീവനക്കാരൻ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവവുമുണ്ടായി.