കൊച്ചി
ഏതു സാധാരണക്കാരനും ലോകപര്യടനം സാധ്യമെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ വിജയൻ മടങ്ങുന്നത് ജപ്പാൻ സഞ്ചാരമെന്ന മോഹം ബാക്കിവച്ച്. ചായക്കടക്കാരന്റെ പ്രാരാബ്ദങ്ങൾക്കിടയിലും ചെറിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് 26 രാജ്യങ്ങൾ കണ്ട വിജയൻ, നാടിനു നൽകിയത് പുതിയൊരു ആത്മവിശ്വാസമായിരുന്നു.
കൊച്ചു ചായക്കടയിലെ തുച്ഛവരുമാനത്തിൽനിന്ന് ദിവസവും 300 രൂപ മാറ്റിവയ്ക്കുമ്പോൾ വിജയന്റെയും മോഹനയുടെയും മനസ്സിൽ റഷ്യയും ചൈനയും അമേരിക്കയും മാത്രമല്ല ഉണ്ടായിരുന്നത്; കേട്ടറിഞ്ഞ എല്ലാ ലോകരാജ്യങ്ങളും ഈ ദമ്പതികളുടെ സ്വപ്നമായിരുന്നു. പക്ഷേ, മോഹിപ്പിച്ച ലോകത്തിന്റെ വലിയഭാഗവും കാണാൻ ബാക്കിവച്ച് വിജയൻ തന്റെ സഞ്ചാരം പൂർത്തിയാക്കി. ഈജിപ്തിൽ തുടങ്ങി റഷ്യയിൽ അവസാനിച്ച ലോകയാത്രയ്ക്കിടെ 1988ൽ ഇരുവരും ഹിമാലയ പര്യടനവും നടത്തിയിരുന്നു.
റഷ്യൻ യാത്രയിൽ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗും റഷ്യൻ പാർലമെന്റ് മന്ദിരവും റെഡ് സ്ക്വയറും കണ്ട വിശേഷമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ വിജയനും മോഹനയ്ക്കും പറയാനുണ്ടായിരുന്നത്.
കടവന്ത്രയിലുള്ള വിജയന്റെ കടയുടെ ചുവരുകൾ നിറയെ ഇവരുടെ സഞ്ചാരചിത്രങ്ങളാണ്. ‘ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ’ എന്ന പേരിൽ ഇവരുടെ യാത്രകളെക്കുറിച്ച് പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മന്ത്രിയായി ചുമതലയേറ്റ ഉടൻ തങ്ങളെ കാണാനെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിനോട്, റഷ്യൻ യാത്രയ്ക്കുശേഷം കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്. വിജയന്റെ വിയോഗമറിഞ്ഞ മന്ത്രി അനുശോചന സന്ദേശത്തിൽ ഈ സന്ദർശനം അനുസ്മരിച്ചു.