കൊച്ചി
സപ്ലൈകോ മരുന്നുഷോപ്പുകളിൽ മരുന്നുകളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണമന്ത്രി ജി ആർ അനിൽ പറഞ്ഞു. എറണാകുളം മാവേലി ഭവനിൽ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻസുലിനുകളിൽ, പകുതി വിലയ്ക്ക് ലഭിക്കുന്നവയുടെ വില 20 മുതൽ 22 ശതമാനംവരെ കുറയ്ക്കും. മറ്റ് ഉൽപ്പന്നങ്ങളുടെ കുറഞ്ഞ ഇളവ് 13 ശതമാനമാക്കും.
ഇന്ധന വിലവർധനയ്ക്കിടയിലും സപ്ലൈകോ പൊതുവിപണിയിൽ ഇടപെട്ട് നിത്യോപയോഗസാധനങ്ങളുടെ വിലവർധന പിടിച്ചുനിർത്തി. അഞ്ചരവർഷമായി സപ്ലൈകോ വിതരണം ചെയ്യുന്ന 13 നിത്യോപയോഗസാധനങ്ങളുടെ വില വർധിച്ചിട്ടില്ല. ചിലതിന്റെ വില കുറഞ്ഞിട്ടുമുണ്ട്. ചില ഉൽപ്പന്നങ്ങൾ ഉൽപ്പാദക സംസ്ഥാനത്തേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സിഎംഡി അലി അസ്ഗർ പാഷ അധ്യക്ഷനായി. ജനറൽ മാനേജർ ടി പി സലിംകുമാർ, മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു. സപ്ലൈകോ ആസ്ഥാനത്തിനടുത്തെ ഹൈപ്പർ മാർക്കറ്റും മന്ത്രി സന്ദർശിച്ചു.
ഭക്ഷ്യവസ്തുക്കളുടെ സംഭരണ രീതി കുറ്റമറ്റതാക്കും
ഭക്ഷ്യവസ്തുക്കളുടെ സംഭരണ രീതി കുറ്റമറ്റതാക്കുമെന്നും സപ്ലൈകോയിലൂടെ വിൽക്കുന്ന സാധനങ്ങളുടെ വില കുറയ്ക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ടെൻഡറിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ, ഉൽപ്പന്നങ്ങളുടെ സാമ്പിൾ മന്ത്രിയുടെ ഓഫീസ് മുതൽ ഡിപ്പോവരെ പരിശോധനയ്ക്ക് നൽകണം. ജില്ലാ ഡിപ്പോകളിലെ ഗുണനിലവാര പരിശോധനയും കഴിഞ്ഞേ ഉൽപ്പന്നങ്ങൾ സംഭരിക്കൂ. ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.