പത്തനംതിട്ട
ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഭൂമിയടക്കം കൃഷിയോഗ്യമാക്കി കൂടുതൽ വരുമാന വർധനവിന് ശ്രമിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനനന്തഗോപൻ പറഞ്ഞു. ഏക്കറുകണക്കിന് ഭൂമി ബോർഡിനുകീഴിൽ വെറുതെ കിടക്കുന്നുണ്ട്. അവയിൽനിന്ന് അധിക വരുമാനം നേടാൻ ആവശ്യമായ നടപടിയെടുക്കും. ബോർഡിനെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ സമയപരിധിക്കുള്ളിൽ മനുഷ്യസാധ്യമായ എല്ലാ സജ്ജീകരണങ്ങളും തീർഥാടകർക്ക് ഒരുക്കിയിട്ടുണ്ട്. പരാതികൾ കഴിവതും പരിഹരിച്ചു. സർക്കാരിന്റെ എല്ലാ വകുപ്പും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ തീർഥാടകരുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ. വെർച്ച്വൽ സംവിധാനത്തിൽ ബുക്കുചെയ്ത എണ്ണായിരം പേരിൽ ആദ്യ ദിനം ആറായിരം പേരാണ് വന്നത്. രണ്ടാം ദിവസം തീർഥാടകരുടെ എണ്ണംകൂടി. നിലവിൽ പത്ത് കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് കൂടി തുടങ്ങിയതോടെ കൂടുതൽ പേർക്ക് ദർശനത്തിന് സൗകര്യം ലഭിക്കും. ഏറ്റവും നല്ല രീതിയിൽ മണ്ഡല, മകരവിളക്ക് ഉത്സവം നടത്താനാണ് ശ്രമിക്കുന്നത്.
എല്ലാ കാര്യത്തിലും സുതാര്യമായ നടപടിയാണ് ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. കൃത്രിമം നടത്താൻ ആരു ശ്രമിച്ചാലും കർശന നടപടിയുണ്ടാകും. പരമ്പരാഗത പാത തുറന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ കൂടി അഭിപ്രായം തേടിയ ശേഷം നടപടിയെടുക്കും.
പമ്പയിൽ വെള്ളം ഇറങ്ങിയാൽ പമ്പാ സ്നാനത്തിന് സർക്കാരുമായി ആലോചിച്ച് നടപടിയെടുക്കും. അതോടൊപ്പം ബലി തർപ്പണത്തിനും നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബോർഡ് അംഗം മനോജ് ചരളേലും മീറ്റ് ദി പ്രസ്സിൽ പങ്കെടുത്തു.
ശര്ക്കര വിവാദം
അനാവശ്യം
ശബരിമല തീർഥാടനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ശർക്കര വിവാദത്തിന് പിന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ കമ്പനിയാണ് 2019ൽ ശർക്കര വിതരണം ചെയ്തത്. പായ്ക്കറ്റിന്റെ മുകളിൽ ഹലാൽ എന്ന് എഴുതിയിരുന്നു. ഗൾഫിലടക്കം വിതരണം ചെയ്യുന്ന കമ്പനി അതിന്റെ ഭാഗമായാണ് അത്തരത്തിൽ എഴുതിയിരുന്നതെന്നാണ് മനസ്സിലാകുന്നത്.
കോവിഡ് കാലത്ത് തീർഥാടകർ കുറഞ്ഞതിനാൽ മുഴുവൻ ശർക്കരയും ഉപയോഗിക്കേണ്ടി വന്നില്ല. പഴകിയ ശർക്കര മുഴുവനും നീക്കംചെയ്തു. മറ്റൊരു കമ്പനിയിൽ നിന്നാണ് ഇത്തവണ ശർക്കര വാങ്ങിയത്. ആവശ്യത്തിന് സ്റ്റോക്കുണ്ട്.