മെൽബൺ
ആഷസ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസ്ഥാനം ടിം പെയ്ൻ രാജിവച്ചു. 2017ൽ നടന്ന ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുപ്പത്താറുകാരൻ സ്ഥാനമൊഴിഞ്ഞത്. ടാസ്മാനിയ ടീമിലെ സഹപ്രവർത്തകയ്ക്ക് ലൈംഗിക സന്ദേശങ്ങൾ അയച്ചെന്നും അന്വേഷണം നടന്നെന്നും വെളിപ്പെടുത്തിയാണ് രാജിപ്രഖ്യാപനം. സംഭവത്തിൽ 2018ൽ അന്വേഷണം നടന്നതായും വെറുതെവിട്ടതായും പെയ്ൻ പറഞ്ഞു. സന്ദേശങ്ങൾ പുറത്തുവരുമെന്ന ഭയത്തെ തുടർന്നാണ് പെയ്നിന്റെ പെട്ടെന്നുള്ള രാജിയെന്നാണ് സൂചന.
സംഭവത്തിൽ ഇന്നും ദുഃഖിക്കുന്നുണ്ടെന്നും കുടുംബത്തോടും കൂട്ടുകാരോടും മാപ്പ് പറയുന്നതായും വിക്കറ്റ് കീപ്പർ ബാറ്റർ അറിയിച്ചു.
ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആഷസിൽ പെയ്ൻ ഉണ്ടാകുമെന്നും പുതിയ ക്യാപ്റ്റനെ ഉടൻ തീരുമാനിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 2018ൽ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവൻ സ്മിത്തിന് പകരക്കാരനായാണ് പെയ്ൻ ഓസീസ് ക്യാപ്റ്റനായത്. നിലവിലെ വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മാർണസ് ലബുഷെയ്ൻ, സ്മിത്ത് എന്നിവരുടെ പേരുകളാണ് പുതിയ നായകസ്ഥാനത്തുള്ളത്.