ന്യൂഡൽഹി
ഉൽപ്പന്നങ്ങൾക്കുള്ള മിനിമം താങ്ങുവില (എംഎസ്പി)യ്ക്ക് നിയമപരിരക്ഷയെന്ന കർഷകരുടെ ആവശ്യംകൂടി എത്രയും വേഗം അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി തന്നെ മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതുകൊണ്ട് സമിതിയെവച്ച് വൈകിപ്പിക്കുകയല്ല വേണ്ടത്. എത്രയും വേഗം ബിൽ കൊണ്ടുവരണം. കർഷകർക്ക് ദ്രോഹകരമായ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുകയും വേണം.കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാരിനെ നിർബന്ധിതമാക്കിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു. വോട്ട് ലക്ഷ്യമിട്ടാണ് മോദിയുടെ നടപടിയെങ്കിൽ തെറ്റും. കർഷകരെ ഇകഴ്ത്താൻ നടത്തിയ ശ്രമങ്ങൾ ജനം മറക്കില്ല.
ഖലിസ്ഥാനികളായും തീവ്രവാദികളായും എല്ലാം മുദ്രകുത്തി. പ്രധാനമന്ത്രി ‘സമരജീവി’കളെന്ന പ്രയോഗംവരെ നടത്തി. ചുവപ്പു കൊടിക്കാരാണ് പിന്നിലെന്ന് പ്രചരിപ്പിച്ചു. ലഖിംപ്പുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തി. ഉത്തരവാദികളായവർ കേന്ദ്ര മന്ത്രിസഭയിൽ തുടരുകയാണ്.
750ലേറെ കർഷകരുടെ രക്തസാക്ഷിത്വത്തിന് വഴിയൊരുക്കി. അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. മറ്റാവശ്യങ്ങൾകൂടി നേടിയെടുക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അവർക്ക് സിപിഐ എം എല്ലാ പിന്തുണയും നൽകും–- യെച്ചൂരി പറഞ്ഞു.