പ്രിട്ടോറിയ
ദക്ഷിണാഫ്രിക്കൻ താരം എ ബി ഡി വില്ലിയേഴ്സ് ക്രിക്കറ്റ് അവസാനിപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽ വിരമിച്ചശേഷം ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി 20 ലീഗുകളിലായിരുന്നു ഈ വലംകെെയൻ ബാറ്റർ. ‘അവിശ്വസനീയമായ യാത്രയായിരുന്നു. ഇപ്പോൾ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു’ ഡി വില്ലിയേഴ്സ് കുറിച്ചു.
ഐപിഎല്ലിലായിരുന്നു അവസാന മത്സരം. ഈ വർഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 15 മത്സരങ്ങളിൽ ഇറങ്ങി. 313 റണ്ണും നേടി.
ഐപിഎല്ലിനെ കൂടാതെ ബിബിഎൽ, പിഎസ്എൽ, ബിപിഎൽ, എംഎസ്എൽ തുടങ്ങിയ ട്വന്റി 20 ടൂർണമെന്റുകളിലും മുപ്പത്തേഴുകാരൻ കളിച്ചു. 2019 ഏകദിന ലോകകപ്പിൽ തിരിച്ചുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സെലക്ടർമാർ പരിഗണിച്ചില്ല. 2015ൽത്തന്നെ ഡി വില്ലിയേഴ്സിന്റെ രാജ്യാന്തര കരിയർ സംബന്ധിച്ച് സംശയങ്ങളുയർന്നിരുന്നു.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് സംവിധാനത്തോട് മുൻ ക്യാപ്റ്റന് താൽപ്പര്യമില്ലായിരുന്നു. 2018ൽ മാർച്ചിലായിരുന്നു ദക്ഷിണാഫ്രിക്കൻ കുപ്പായത്തിലെ അവസാന മത്സരം.