തൃശ്ശൂർ: കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചതിലൂടെ മോദിയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇതിനെ പരാജയത്തിന്റെ പരിഹാസമായും അമ്പെത്തെട്ട് ഇഞ്ചിന്റെ ഇടിവായും ഇകഴ്ത്തിയേക്കാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.
കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഇടത് വലത് രാഷ്ട്രീയ നേതാക്കൾക്ക് ജനാധിപത്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് സന്തോഷിക്കാം. 2014 മുതൽ മോദി വിരുദ്ധത മാത്രം പറഞ്ഞിരുന്നവരുടെ പ്രധാന മുദ്രാവാക്യം മോദി ഫാസിസ്റ്റാണെന്നും ഹിറ്റ്ലറാണന്നുമാണ്. സ്റ്റാലിനോട് താരതമ്യം ചെയ്യാൻ പലരേയും അനുവദിച്ചില്ല. 2014 മെയ് മാസം മുതൽ ഇന്ന് വരെ പറഞ്ഞു കൊണ്ടിരിക്കുന്ന ഹിറ്റ്ലറും ഫാസിസ്റ്റുമാണ് മോദി എന്ന കുറ്റവിചാരണക്ക് ഇന്നേക്ക് വിരാമമാകുമെന്ന് പ്രതീക്ഷിക്കാമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
വിവാദമായ കർഷക നിയമം പിൻവലിക്കുക മാത്രമല്ല രാജ്യത്തോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തിരിക്കുന്നു. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷമ ചോദിക്കൽ ഉണ്ടായത്. എന്നാൽ, മോദിയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇതിനെ പരാജയത്തിന്റെ പരിഹാസമായും അമ്പെത്തെട്ട് ഇഞ്ചിന്റെ ഇടിവായും ഇകഴ്ത്തിയേക്കാം. വാഹനം ഓടിക്കുമ്പോൾ പുറകിലെ കാഴ്ച കാണാൻ കണ്ണട നോക്കുന്നതും ബ്രേക്ക് ചവിട്ടി പുറകിലേക്ക് എടുക്കുന്നതും മുന്നോട്ടുള്ള സുഗമമായ കുതിപ്പിന് അനിവാര്യമാണന്ന് ഡ്രൈവിങ് അറിയുന്നവർക്കറിയാം. മോദി മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: B gopalakrishnan reaction about Farm laws repeal