കഴിഞ്ഞ ഒരു വർഷമായി ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന കർഷകസമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുമുടക്കി. വിവാദമായ മൂന്ന്കാർഷിക നിയമങ്ങളും പിൻവലിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരിക്കുന്നത്. 704 കർഷകരുടെ ജീവനെടുത്ത, ചൂടിനേയും തണുപ്പിനേയും വകവെക്കാതെയുള്ള കർഷകരുടെ സമരത്തെ അവരുടെ ദേഹത്തേക്ക് വാഹനം ഇടിച്ച് കയറ്റിപോലും പ്രതിരോധിക്കാൻ നോക്കിയവർ തന്നെ ഇപ്പോൾ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സമരത്തിന്റെ വേലിയേറ്റമുണ്ടായെങ്കിലും കേരളത്തിൽ നിന്ന് വലിയ പിന്തുണ സമരത്തിന് കിട്ടിയില്ലെന്ന് പറയുന്നു കർഷക സമര നേതാവ് കൂടിയായ പി.ടി ജോൺ. രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യാ കോ-ഓർഡിനേറ്ററും സ്വതന്ത്ര വ്യാപാരക്കരാറുകൾക്കെതിരേയുള്ള കർഷക സംഘടനയായ ആന്റി എഫ്.ടി.എ. കമ്മിറ്റിയുടെ കേരള കൺവീനറുമായ പി.ടി. ജോൺ മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
കർഷകർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ മറ്റ് വഴിയില്ലെന്ന് കണ്ടതോടെയാണോ വിവാദ നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്?
കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയെന്നൊക്കെ പറയുമ്പോഴും പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയെ അത്ര വിശ്വാസ്യതയോടെയല്ല ഞാൻ നോക്കി കാണുന്നത്. കർഷകരോട് ചർച്ചയില്ലാതെ മറ്റ് രാഷ്ട്രീയ പാർട്ടികളോട് ചർച്ച ചെയ്യാതെ ഒറ്റയടിക്ക് കാർഷിക നിയമങ്ങളെല്ലാം പിൻവലിക്കുകയാണ് എന്ന് പറയുമ്പോൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. മറ്റെന്തോ വരാനിരിക്കുന്നത്പോലെയൊരു തോന്നൽ.
കർഷക സമരം വലിയ ജനകീയ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. നോ വോട്ട് ബി.ജെ.പിയെന്ന മിഷൻ യു.പി ക്യാമ്പയിൻ പ്രഖ്യാപനം നടത്തി സമരം ശക്തമാവുകായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ആദിവാസി വിഭാഗങ്ങളെയുമൊക്കെ ഉൾപ്പെടുത്തി മറ്റൊരു തരത്തിലേക്ക് സമരം മുന്നോട്ട് പോവാൻ ഇരിക്കുകയാണ്. ഇത് യു.പിയിലെ തിരഞ്ഞെടുപ്പിലടക്കം വലിയ രീതിയിൽ തിരിച്ചടിയാവുമെന്നതും യാഥാർഥ്യമായിരുന്നു. ഈയൊരു സമയത്താണ് സമരങ്ങൾ പിൻവലിക്കണമെന്നും നിയമങ്ങൾ നടപ്പിലാക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. വരുന്നയാഴ്ച പാർലമെന്റ് സമ്മേളനവും ചേരാനിരിക്കെയാണ്. ഇതിന് മുന്നോടിയായുള്ള പിൻവാങ്ങൽ ദൂരൂഹമാണ് എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.
പലതരം ചർച്ചകൾ നടന്നു പക്ഷെ നിയമം പിൻവലിക്കുന്നതിൽ അപ്പുറം മറ്റൊരു വിട്ടുവീഴ്ചയ്ക്കും കർഷകർ തയ്യാറായിരുന്നില്ല. ഇത്രയും കഠിനമായ ഒരു സമരത്തിലേക്ക് എങ്ങനെയാണ് കർഷകരെ എത്തിച്ചത് ?
തുടക്കം മുതൽ യെസ് ഓർ നൊ മറുപടി എന്ന നിലപാടിലായിരുന്നു സമരക്കാർ ഉണ്ടായിരുന്നത്. പന്ത്രണ്ട് ചർച്ചകൾ നടന്നു ഇതുവരെ. അതിലെല്ലാം ഉന്നയിച്ചത് പിൻവലിക്കുമോ അല്ലയോ എന്ന ചോദ്യമാണ്.മറ്റൊരു മധ്യസ്ഥ ചർച്ചയ്ക്കും ഇടം കൊടുത്തിരുന്നില്ല. ഗുണദോഷങ്ങളെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന് ആദ്യമേ പറഞ്ഞതാണ്. കാർഷിക നിയമങ്ങൾ കർഷകരെ കുത്തകകൾക്ക് അടിമകളാക്കാനുള്ളതാണ് എന്ന നല്ല ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. പിൻവലിക്കുക എന്ന ഞങ്ങളുടെ ഡിമാൻഡ് ഇപ്പോൾ പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. അത് തന്നെയാണ് സമരത്തിന്റെ വിജയം. നിശ്ചയദാർഢ്യത്തോട് കൂടി ജനത ഒറ്റക്കെട്ടായി നിന്ന് സമരത്തിലേക്ക് പോയി കഴിഞ്ഞാൽ എന്തെല്ലാം മാർഗങ്ങൾ ഉപയോഗിച്ച് തല്ലിതകർത്താലും, എന്തെല്ലാം മാർഗങ്ങൾ ഉപയോഗിച്ച് ചോരയിൽ മുക്കി കൊല്ലാൻ ശ്രമിച്ചാലും വിജയിക്കില്ല എന്നതിന്റെ പാഠം കൂടിയാണ് കർഷക സമരം. ഈ സമരത്തിന് ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് പിന്തുണ കിട്ടാനും ശ്രദ്ധയാകർഷിക്കാനും കഴിഞ്ഞത് കർഷകരുടെ ആ നിശ്ചദാർഢ്യം കൊണ്ട് തന്നെയാണ്.
കോർപ്പറേറ്റുകൾ നമ്മളെ അടിമകളാക്കുന്നുവെന്നതിന് എതിരേയുള്ള വലിയ ക്യാമ്പയിനിലൂടെയായിരുന്നു സമര തുടക്കം. ഈ ക്യാമ്പയിൽ ശരിക്കും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടോ ?
കുത്തകകളെ മാറ്റി നിർത്തുക എന്നത് തന്നെയായിരുന്നു ലക്ഷ്യം റിലയൻസ് അടക്കമുള്ള പെട്രോൾപമ്പുകൾക്കെതിരേയും സ്റ്റോറുകൾക്കെതിരേയുമെല്ലാം വടക്കേ ഇന്ത്യയിൽ വലിയ രീതിയിൽ സമരം നടന്നു, ക്യാമ്പയിനുകൾ ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നുമുണ്ട്. പക്ഷെ കേരളത്തിൽ മാത്രം ഇത്തരം സമരങ്ങൾക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. ഒരു മനുഷ്യ ചങ്ങല കോർക്കാൻ പോലും ഇവിടെയുളള ഇടതുപക്ഷത്തിനോ മറ്റോ കഴിഞ്ഞില്ലഎന്നതാണ് സത്യം. എന്തുകൊണ്ടോ ഇത്തരം സമരങ്ങൾ കേരളത്തിൽ ശക്തിപ്രാപിക്കേണ്ട എന്ന ഒരു അജണ്ട കേരളത്തിലുണ്ടായിരുന്നു. വനിതാ മതിലുകൾ കെട്ടി ശ്രദ്ധയാകർഷിച്ച പാർട്ടിക്ക് കേരളത്തിൽ കർഷക പിന്തുണ നൽകാനായില്ല എന്നത് സത്യമാണ്. വിചാരിച്ചാൽ നടക്കാത്തതൊന്നുമായിരുന്നില്ല. ഇതിന് കാരണമായി എനിക്ക് തോന്നുന്നത് കേരളത്തിലെ ഇടതുപക്ഷവും കത്തോലിക്കാ സഭയുമാണ്. അല്ലെങ്കിൽ കേരളത്തിൽ വലിയ രീതിയിൽ സമരമുണ്ടാവേണ്ടതായിരുന്നു. കേരളമടക്കമുള്ളവർ സമരത്തിനില്ല എന്ന് ബിജെപിക്ക് പറയാൻ അവസരം നൽകുന്ന തരത്തിലായി പോയി കേരളത്തിന്റെ നിലപാട്.
കർഷക പ്രക്ഷോഭത്തിനു പിന്നിൽ രാജ്യദ്രോഹികളും മാവോയിസ്റ്റുകളുമാണെന്ന ആരോപണമൊക്കെ ഉണ്ടായിരുന്നു?
അതെ ഇത്രയേറെ സമരക്കാരെ അധിക്ഷേപിച്ച ഒരു സർക്കാർ വേറെയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാനടക്കമുള്ളവരെ രാജ്യദ്രോഹികളെന്ന് വിളിച്ചു. മാവോയിസ്റ്റുകളെന്ന് വിളിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും തോൽക്കാൻ മനസ്സുണ്ടായിരുന്നില്ല. ഞങ്ങൾ രാജ്യദ്രോഹികളും മാവോയിസ്റ്റുകളുമായിരുന്നുവെങ്കിൽ എന്തിനാണ് നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയത്. പല വഴികളാണ് അവർ സമരത്തെ പൊളിക്കാൻ എടുത്തിരുന്നത്. സമരപന്തലിലേക്ക് ആർ.എസ്.എസുകാരെ നുഴഞ്ഞു കയറ്റാൻ ശ്രമിച്ചു. പറയാൻ പറ്റാത്ത തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എനിക്ക് തോന്നുന്നു നിയമം പിൻവലിക്കുമെന്ന തീരുമാനം പോലും ചർച്ച ചെയ്തിട്ടുണ്ടാവുക മോദിയും അമിത് ഷായും മാത്രമായിരിക്കും. അതുകൊണ്ടു തന്നെയാണ് ഏറെ ജാഗ്രതയോടെ ഈ തീരുമാനത്തെ കാണണമെന്ന് ഞാൻ നേരത്തെ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടുമാത്രം സമരം പിൻവലിക്കുന്ന തരത്തിലേക്ക് തീരുമാനമുണ്ടാവുമെന്ന് കരുതുന്നില്ല. പാർലമെന്റിൽ ഇതിൽ തീരുമാനമുണ്ടാവും വരെ സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.
കർഷക സമരത്തെ രണ്ടാംസ്വാതന്ത്ര്യ സമരത്തോട് താരതമ്യം ചെയ്യുന്നുണ്ട് ?
നമ്മൾ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് കേട്ടിട്ടേയുള്ളൂ. വായിച്ചറിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. പലതരം സമരങ്ങൾ നമ്മൾ കണ്ടു. പലതും പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നാൽ ലക്ഷക്കണക്കിന് ജനങ്ങൾ കഴിഞ്ഞ ഒരു വർഷമായി തെരുവിൽ കിടക്കുകയാണ്. അവരൊന്നും അവരുടെ വീട്ടുകാർക്ക് വേണ്ടി മാത്രമല്ല തെരുവിൽ കിടന്നത്. കുത്തകകളെ മാറ്റി നിർത്തി അവരിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായിരുന്നു. ലോകം മുഴുവൻ ഈ സമരത്തെ കുറിച്ച് ചർച്ച ചെയ്തത് വെറുതെയായിരുന്നില്ല. ശരിക്കും രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു ഡൽഹിയിൽ നടന്നത്. തൊഴിലെടുക്കുന്നവന്റെ, പാവപ്പെട്ടവരുടെ നീതീക്ക് വേണ്ടിയുള്ള സമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രത്തിന് മുട്ടുമടക്കുക തന്നെ ചെയ്യേണ്ടി വന്നിരിക്കുന്നു. ഇനിയും നീതി നിഷേധത്തിനെതിരേ ഇത്തരം സമരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.
വർഗീയമായ ചേരി തിരിവിലൂടെ രാമരാജ്യവും ഹിന്ദുത്വ അജണ്ടയും വാഗ്ദാനം ചെയ്ത് കൊണ്ട് മാത്രം ഞങ്ങൾക്ക് മുന്നോട്ട് പോവാൻ കഴിയുമെന്ന അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണോ ഇത് ?
വെറുപ്പും വിദ്വേഷവും വർധിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താമെന്നായിരുന്നു കേന്ദ്ര സർക്കാർ കരുതിയിരുന്നത്. എന്നാൽ അതിനെ അതി വിദഗ്ധമായി മറികടക്കാനായി എന്നത് സമരത്തിന്റെ വലിയ വിജയമാണ്. ജാതീയമായ വൈരധ്യങ്ങളോ അത്തരം പ്രചാരങ്ങളിൽ വീഴാതെയോ ആയിരുന്നു സംഘടനകളുടെ ഒന്നിക്കൽ. ഇന്ത്യയിലെ പത്ത് സെൻട്രൾ ട്രേഡ് യൂണിയനുകളും, സ്ത്രീ സംഘടനകളും, ആദിവാസി സംഘടനകളുമെല്ലാം ചേർന്നാണ് നോ വോട്ട് ബി.ജെ.പി മിഷൻ യു.പി ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഈ ക്യാമ്പയിനിൽ ബി.ജെ.പിക്ക്ഭയമുണ്ട്. ഇത് മുന്നറിയിപ്പ് നൽകുന്നത് പഴയ ബ്രിട്ടീഷ് കാലത്തെ പോലെ ഇനിയും ഭിന്നിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല എന്നത് തന്നെയാണ്.