കൊച്ചിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു വിജയൻ്റെ മരണം. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം വിദേശ യാത്രകൾ നടത്തിയിരുന്നത്. 2007ൽ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. പ്രതിദിനം 300 രൂപ മാറ്റിവെച്ചായിരുന്നു യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കായിരുന്നു.
ചായക്കടയിൽ നിന്നുള്ള വരുമാനം വരുമാനത്തിനൊപ്പം കെ എസ് എഫ് ഇയിൽ നിന്നെടുത്ത വായ്പയും ഉപയോഗിച്ചായിരുന്നു വിജയൻ്റെയും ഭാര്യയുടെയും ലോകയാത്രകൾ. തിരികെ മടങ്ങിവന്ന് ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടച്ച ശേഷം അടുത്ത യാത്രയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുകയാണ് ചെയ്തിരുന്നത്. ചായക്കടയിൽ മറ്റ് ജോലിക്കാരെ ഒഴിവാക്കി എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്താണ് ദമ്പതികൾ പണം കണ്ടെത്തിയിരുന്നത്.
പിതാവിനൊപ്പം ചെറുപ്പത്തിൽ യാത്രകൾ നടത്തിയ വിജയൻ പിന്നീട് ലോകത്തിൻ്റെ പല ഭാഗത്തേക്കും യാത്ര ആരംഭിക്കുകയായിരുന്നു. 1988ൽ ഹിമാലയൻ സന്ദർശനം നടത്തിയിരുന്നു. അമേരിക്ക, ജർമ്മനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജൻ്റീന എന്നീ രാജ്യങ്ങളിലടക്കം വിജയനും ഭാര്യയും സന്ദർശനം നടത്തി.