ശബരിമല
മണ്ഡല പുജയ്ക്കായി ശബരിമല നട തുറന്ന് നാലാം ദിനം മഴ മാറി നിന്നത് തീർഥാടനം സുഗമമാക്കി. കോവിഡ് ജാഗ്രത പൂര്‍ണമായും ഉറപ്പാക്കിയാണ് തീർഥാടനം. നീണ്ട സമയം തീർഥാടകര്‍ക്ക് വരിയിൽ നില്‍ക്കേണ്ടി വരുന്നില്ല. പുലര്‍ച്ചെ നടതുറന്ന് രാത്രി അടയ്ക്കുന്നതുവരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെയും പമ്പയിലും സന്നിധാനത്തും അയ്യപ്പസേവാ സംഘത്തിന്റെയും അന്നദാനമുണ്ട്.
തീര്‍ഥാടന പാതയില്‍ ഔഷധ കുടിവെള്ള വിതരണവും ദേവസ്വം ബോര്‍ഡ് സജ്ജമാക്കി. വഴിപാട്, അപ്പം- അരവണ, പഞ്ചാമൃതം കൗണ്ടറുകളിലും വേഗം സേവനം ലഭിക്കുന്നു. കോവിഡായതിനാൽ നെയ്യഭിഷേകം നേരിട്ട് നടത്താനാകില്ല. പകരം ഇരുമുടിക്കെട്ടിലെ നെയ്യ് അഭിഷേകത്തിനായി ശേഖരിക്കാൻ സന്നിധാനത്ത് പ്രത്യേക കൗണ്ടർ ഒരുക്കി. അഭിഷേകം ചെയ്ത നെയ്യ് കൗണ്ടറില്‍ നിന്നും വാങ്ങാം.
2 എൻഡിആർഎഫ് സംഘം ശബരിമലയിൽ
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) രണ്ടു സംഘത്തെ പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് നടപടി.
പമ്പയില്‍ ഇരുമുടിക്കെട്ട്
നിറയ്ക്കാന്‍ സൗകര്യം
ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം പുലര്‍ച്ചെ 2.30 മുതല്‍ രാത്രി എട്ട് വരെ ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള കെട്ടുനിറ മണ്ഡപത്തില്‍ 250 രൂപ അടച്ച് കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പണമടച്ച് രസീത് വാങ്ങിയാല്‍ പമ്പാ ദേവസ്വം മേല്‍ശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും.
ഒന്നില്‍ക്കൂടുതല്‍ നെയ്ത്തേങ്ങ നിറയ്ക്കണമെന്നുള്ളവര്‍ക്ക് നെയ്ത്തേങ്ങ ഒന്നിന് 80 രൂപ നിരക്കില്‍ രസീത് എടുക്കണം. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീതെടുത്താല്‍ ഇരുമുടിക്കെട്ടു നിറച്ച് ശിരസ്സിലേറ്റിത്തരും.