തിരുവനന്തപുരം
കെപിസിസി പുനഃസംഘടന നിർത്തണമെന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയുടെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ആവശ്യം തള്ളി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഉമ്മൻചാണ്ടി അതൃപ്തി അറിയിച്ച് മണിക്കൂറുകൾക്കുള്ളിൽ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി.
ഉമ്മൻചാണ്ടി–-സോണിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നടത്തിയ ചർച്ചയിലാണ് പുനഃസംഘടന നിർത്തേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നതെന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പരാതിയും മുഖവിലയ്ക്കെടുത്തില്ല. ഗ്രൂപ്പുകളുടെ കടുത്ത സമ്മർദത്തിലും മുതിർന്ന നേതാക്കൾ നേരിട്ട് പരാതി അറിയിച്ചിട്ടും ചെവിക്കൊള്ളാൻ സോണിയ ഗാന്ധി തയ്യാറായില്ലെന്ന് വ്യക്തം. താഴെ തട്ടിൽ ഗ്രൂപ്പുകൾക്കെതിരെ വികാരം ശക്തമാണെന്നും സമ്മർദത്തിന് ഹൈക്കമാൻഡ് വഴങ്ങരുതെന്നും കെ സുധാകരൻ താരിഖ് അൻവറിനോട് തറപ്പിച്ചുപറഞ്ഞു.
നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്ന പതിവ് പല്ലവിയാണ് താരിഖ് അൻവർ ആവർത്തിച്ചത്. അംഗത്വ വിതരണം പൂർത്തിയാകുന്ന മാർച്ച് 31വരെ പുനഃസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നാണ് ഹൈക്കമാൻഡ് നൽകിയ സൂചന. കെപിസിസി സെക്രട്ടറിമാരുടെ നിയമനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. അടുത്ത പടിയായി ഡിസിസി പുനഃസംഘടനയും നടപ്പാക്കും.
മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെങ്കിലും അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാൻ കഴിയില്ലെന്ന് താരിഖ് അൻവർ പറഞ്ഞു. ഒന്നുകിൽ പുതിയ നേതൃത്വത്തിന് പൂർണമായും വഴങ്ങുക, മറിച്ചായാൽ അച്ചടക്ക നടപടി നേരിടുക എന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.
നിൽക്കണോ പോകണോ
സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വ്യക്തമായതോടെ കോൺഗ്രസ് നേതൃനിരയിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൂടുതൽ അവഹേളിതരായി. ഉമ്മൻചാണ്ടിയോടുള്ള നേതൃത്വത്തിന്റെ നിലപാടിൽ എ ഗ്രൂപ്പിൽ അമർഷം ശക്തമാണെങ്കിലും ചെന്നിത്തല കൂടുതൽ ദുർബലനാണ്. നേതൃത്വത്തിന്റെ അവഗണന മാത്രമല്ല, കൊഴിഞ്ഞുപോക്കും ഐ ഗ്രൂപ്പിന് കടുത്ത പ്രതിസന്ധിയാണ്. നേതൃചേരിയുടെ കൽപ്പനകൾ ശിരസാവഹിച്ച് മുന്നോട്ടുപോകണോ അതല്ല തള്ളണോ? ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാത്രമല്ല, മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും മുല്ലപ്പള്ളിയുമടക്കം നേരിടുന്ന ചോദ്യമിതാണ്.
അവസാന പിടിവള്ളി എന്ന നിലയ്ക്കാണ് സോണിയ ഗാന്ധിയെ കാണാനുള്ള ഉമ്മൻചാണ്ടിയുടെ ഡൽഹി യാത്ര. അത് വിഫലമായതോടെ നേതൃത്വത്തിനെതിരെ അടിക്കടി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് തെളിഞ്ഞു. ഹൈക്കമാൻഡ് അവഗണിച്ചത് കൂടാതെ മക്കൾക്കുവേണ്ടിയാണ് എതിർപ്പെന്ന ധാരണ പരത്താൻ സംസ്ഥാന നേതൃത്വത്തിനായി. എ, ഐ ഗ്രൂപ്പുകളുടെ പരിഭവം അയയുമെന്ന് കെ സുധാകരനും വി ഡി സതീശനും കരുതുന്നില്ല. ഗ്രൂപ്പുകളിലെ ആശയകുഴപ്പം ശക്തമാക്കി മുതലെടുക്കാനുള്ള തന്ത്രമായിരിക്കും പുതിയ നേതൃത്വത്തിന്റേത്. ഒപ്പം അച്ചടക്കത്തിന്റെ വാളുമുയർത്തും. ഇതോടെ ഗ്രൂപ്പുകളെ തള്ളി കൂടുതൽ നേതാക്കളും പ്രവർത്തകരും തങ്ങൾക്കൊപ്പം വരുമെന്ന കണക്കുകൂട്ടലിലാണ് കെപിസിസി നേതൃത്വം.
തങ്ങളുമായി മനസ്സ് തുറന്ന ചർച്ച കെപിസിസി നേതൃത്വം നടത്തുമെന്നും മുതിർന്ന നേതാക്കളാരും വിശ്വസിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ സമീപനം ഉറ്റുനോക്കുകയാണ് ഗ്രൂപ്പുകൾ.