ന്യൂഡൽഹി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂർ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമർശനം.
കങ്കണയുടെ പരാമർശങ്ങൾ വിഡ്ഢിത്തങ്ങളാണെന്ന് തരൂർ പറഞ്ഞു. “കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാൽ അത് ഞാൻ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കിൽ… അവർക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത്.”
എന്നെ ശിക്ഷിക്കണമെങ്കിൽ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം എന്നത് ഒരു യാചകന്റെ ഭാഷയാണോ എന്നും തരൂർ ചോദിച്ചു. സ്വാതന്ത്ര്യ സമരമെന്നത് അപാരമായ മനക്കരുത്തിന്റെയും ധാർമ്മികമായ ആർജ്ജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു. നൂറുകണക്കിന് ലാത്തികൾക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന് ചിന്തിച്ച് നോക്കു.
ഒരു ലാത്തിചാർജിനെ തുടർന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസ സമരത്തിനിടയിൽ അദ്ദേഹത്തിന്റെ തലയടിച്ച് തകർക്കുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാൻ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂർ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു.
Content Highlights: Kangana Ranaut Needs To Read History: Shashi Tharoor