അപകടത്തിൽ പെടുമ്പോൾ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അബ്ദുറഹ്മാനെ അറിയില്ലെന്ന് കുടുംബം പറയുന്നു. ഡ്രൈവറെ നൽകിയത് ആരാണെന്ന് പരിശോധിക്കണം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനെക്കുറിച്ചും കാറിൽ പിന്തുടർന്നതിനെക്കുറിച്ചുമാണ് സംശയമെന്ന് കുടുംബം പറയുന്നു. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റേണ്ട കാര്യമില്ലെന്നും അൻസിയുടെ കുടുംബം ആരോപിച്ചു.
ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് കാറിനെ പിന്തുടർന്ന സൈജു എന്ന് അറിഞ്ഞപ്പോഴാണ് സംശയം ബലപ്പെട്ടത്. സൈജുവിനെ അറിയാമെന്ന് അൻസി പറഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. അപകടം നടന്ന ദിവസം അൻസി വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
പാലാരിവട്ടം ചക്കരപ്പറമ്പിനടുത്ത് ദേശീയപാതയിൽ ഈ മാസം ഒന്നിനാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും മിസ് കേരളാ റണ്ണറപ്പ് അഞ്ജന ഷാജനും ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെഎ ആഷിഖും കൊല്ലപ്പെട്ടു. ഡ്രൈവർ അബ്ദുൽ റഹ്മാൻ മാത്രമാണ് പരിക്കുകളോടെ രക്ഷപെട്ടത്. വാഹനം ഓടിച്ച സമയത്ത് അബ്ദുൽ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഡി ജെ പാർട്ടിക്ക് പങ്കെടുത്തവരുടെ മൊഴിയെടുക്കും.
പാര്‍ട്ടിക്കിടെ എന്താണ് സംഭവിച്ചത്, മുൻ മിസ് കേരള വിജയികളും മറ്റുള്ളവരും തമ്മിൽ തര്‍ക്കങ്ങളുണ്ടായോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ കാറപകടത്തിൽ കൊല്ലപ്പെട്ട ദിവസം ഹോട്ടൽ 18ലെ 208, 218 മുറികളിൽ താമസിച്ചവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതായി മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ ഹോട്ടൽ രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെയാണ് താമസിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.