അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നു ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ശിശുക്ഷേമസമിതി ഉത്തരവിട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തിനകം കുട്ടിയെ തിരികെ കൊണ്ടുവരാനാണ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് ശേഷമായിരിക്കും കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്തുക.
അനുപമയുടെയും കുഞ്ഞിന്റെയും രക്ത സാമ്പിള്‍ നല്കിയാല് പരിശോധനാ ഫലം ലഭിക്കാന്‍ ഒന്നര മുതല്‍ രണ്ടാഴ്ച്ച വരെ സമയമെടുക്കുമെന്നാണ് ഡി.എന്‍.എ പരിശോധനാ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. പക്ഷെ, കേസുകളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് അതിവേഗം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കഴിയും. കുഞ്ഞ് അനുപമയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചാലും കുഞ്ഞിനെ ഉടന്‍ കൈമാറില്ല. കുഞ്ഞിനെ സംരക്ഷിക്കാന്‍ അനുപമക്ക് കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സി.ഡബ്ല്യു.സി പരിശോധിക്കും. കൂടാതെ തിരുവനന്തപുരം കുടുംബകോടതിയുടെ വിധിയും നിര്‍ണായകമാണ്.
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളില്‍ അവകാശവാദങ്ങള്‍ ഉയരുമ്പോഴും ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മാറിപ്പോയെന്ന് പരാതിയുണ്ടാവുമ്പോഴും ദാമ്പത്യബന്ധത്തില്‍ വഞ്ചന ആരോപിക്കപ്പെടുമ്പോഴുമാണ് പ്രധാനമായും ഡി.എന്‍.എ പരിശോധന നടത്താറ്. പക്ഷെ, അനുപമയുടെ കേസ് പോലൊന്ന് ആദ്യമായാണ് വരുന്നതെന്ന് ശിശു അവകാശ വിദഗ്ദര്‍ പറയുന്നു.”സാധാരണഗതിയില്‍ പിതൃത്വം തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.എന്‍.എ പരിശോധന നടത്താറ്. മാതൃത്വം തെളിയിക്കാനുള്ള ആദ്യ കേസാണ് ഇതെന്നു വേണമെങ്കില്‍ പറയാം.”– ഒരു ശിശു അവകാശ വിദഗ്ദന് സമയം പ്ലസ്സിനോട് പറഞ്ഞു.
തര്‍ക്ക വിഷയമായ കുഞ്ഞിന്റെ ഡി.എന്‍.എയുമായി പിതാവെന്നോ മാതാവെന്നോ അവകാശപ്പെടുന്നവരുടെ ഡി.എന്‍.എ താരതമ്യം ചെയ്യുകയാണ് സാധാരണയായി ചെയ്യാറ്. ഒരു കുഞ്ഞ് ജനിതകമായി പകുതി അച്ചനും പകുതി അമ്മയുമായിരിക്കും എന്നതാണ് കാരണം.
അനുപമയുടെയും കുഞ്ഞിന്റെയും കേസില്‍ രക്തസാമ്പിള്‍ ഉപയോഗിച്ചായിരിക്കും ഡി.എന്‍.എ പരിശോധന നടത്തുക.
അമ്മയെന്നും അച്ചനെന്നും അവകാശപ്പെടുന്നവരുടെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന നടത്താന്‍ 25000 രൂപ ചെലവ് വരും. കുഞ്ഞിന്റെയും ഒരാളുടെയും ഡി.എന്‍.എ പരിശോധന നടത്തുന്നതിന് 18000 രൂപയാണ് ചെലവ് വരുക. പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഒരാള്‍ക്ക് 7000 രൂപ വീതം അധികം ചെലവ് വരും.
കേരള വനിതാകമ്മീഷന് മുഖേനെ ഇക്കാലം വരെ എട്ടു ഡി.എന്‍.എ പരിശോധനകളാണ് നടത്തിയിരിക്കുന്നത്. മൂന്നു മക്കളുടെയും പിതൃത്വം നിഷേധിച്ചയാള്‍ തന്നെയാണ് അവരുടെയെല്ലാം പിതാവെന്ന് കണ്ടെത്തിയത് അടുത്തിടെയാണെന്ന് വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥന് പറയുന്നു. മക്കളാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ചെലവിന് നല്‍കാത്ത ഭര്‍ത്താവിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഭാര്യക്ക് കമ്മീഷന് നിയമസഹായം നല്‍കുന്നുണ്ട്.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് ഈ കേസില്‍ ഡി.എന്‍.എ പരിശോധന നടത്തിയത്. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കും ദാരിദ്ര്യരേഖക്കും താഴെയുള്ളവര്‍ക്കും ഡി.എന്‍.എ പരിശോധനക്ക് വരുന്ന ചെലവ് കമ്മീഷനാണ് വഹിക്കുക. മറ്റു വിഭാഗക്കാര്‍ക്ക് പരിശോധനയ്ക്ക് വേണ്ട സാമ്പത്തികേതര സഹായം നല്‍കും.
കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളില്‍ ഡി.എന്‍.എ പരിശോധനാ ഫലം വേഗത്തില്‍ നല്കാന് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം നസീര്‍ ചാലിയം സമയം മലയാളത്തോട് പറഞ്ഞു. ഇത്തരം കേസുകളില്‍ ഡി.എന്‍.എ പരിശോധനയുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുക. 24 മണിക്കൂറിനകം ഡി.എന്‍.എ പരിശോധനാഫലം ലഭിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ കേസുകളില്‍ പോലീസും കോടതികളും നല്കുന്ന അപേക്ഷയിലും ഡി.എന്‍.എ പരിശോധന നടത്താറുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസഥനും കോടതികളും നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും വനിതാകമ്മീഷനും ശിശുക്ഷേമസമിതിയും നല്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്താറുണ്ട്. ശാസ്ത്രീയമായി സീല്‍ ചെയ്ത് നല്കുന്ന സാമ്പിളുകള്‍ മാത്രമേ പരിശോധനക്ക് സ്വീകരിക്കൂ.
അസ്ഥിയിലെ മജ്ജ, മുടി, ഉണങ്ങിയ ചര്‍മ്മകോശങ്ങള്‍, മാംസം, ഉമിനീര്, രക്തം, ശുക്ലം, യോനീദ്രവങ്ങള്‍, കഫം, കണ്‍പീള, മലം, മൂത്രം, വിയര്‍പ്പ് തുടങ്ങി ഏതു ജൈവപദാര്‍ത്ഥവും ഡി.എന്‍.എ സ്രോതസ്സായി ഉപയോഗിക്കാന്‍ സാധിക്കും. മരണം നടന്ന് വളരെ നാളുകള്‍ കഴിഞ്ഞായാല്‍ പോലും പല്ല്, അസ്ഥി, മുടി, രോമങ്ങള്‍, നഖങ്ങള്‍ എന്നിവ ഉപയോഗിച്ച് ഡി.എന്‍.എ പരിശോധന നടത്താം. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ഡി.എന്‍.എ പരിശോധനാ ഫലം അതിവേഗം നല്‍കിയിരുന്നു. 2018ല്‍ തിരുവനന്തപുരത്ത് ജര്‍മന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.എന്‍.എ പരിശോധനാ ഫലം അതിവേഗം പുറത്തുവന്നു.
****