മഞ്ഞും മഴയും തൊട്ടുരുമ്മുന്ന റോസ്മലയുള്പ്പെടുന്ന ശെന്തുരിണി വന്യജീവി സങ്കേതത്തില്‍ 25 ഇനം അധിനിവേശ സസ്യങ്ങള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍കാലങ്ങളിലൊന്നും ശ്രദ്ധയില്‍ പെടാതിരുന്ന ഏഴ് തരം അധിനിവേശ സസ്യങ്ങളെയും 2021ലെ സര്‍വ്വെയില്‍ കണ്ടെത്തിയെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്.ഐ) നടത്തിയ പഠനം പറയുന്നു. അതീവ അപകടകാരികളായ എട്ട് ഇനം സസ്യങ്ങളെയും ഇടത്തരം അപകടകാരികളായ 17 ഇനങ്ങളെയുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡോ.ടി.വി സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു. ഒരു വന്യജീവി സങ്കേതത്തെ പൂര്‍ണമായും നിരീക്ഷിക്കുന്ന കേരളത്തിലെ ആദ്യ സര്‍വ്വെയെന്ന പ്രത്യേകതയും ഈ പഠനത്തിനുണ്ട്.
ധൃതരാഷ്ട്രപച്ച (മികാനിയ മൈക്രാന്ത), കമ്മ്യൂണിസ്റ്റ് പച്ച (ക്രോമോലിയേന ഓഡൊറാറ്റ), തോട്ടപ്പയര്‍ (മുക്കുന ബ്രാക്ടിയേറ്റ), കൊങ്ങിണി (ലന്താന കമാര), മെക്സിക്കന്‍ സണ്‍ഫ്ളവര്‍ (ടിത്തോണിയ ഡൈവെര്സിഫോളിയ), സോപ്പ് ബുഷ് (ക്ലിഡേമിയ ഹിര്‍ത്ത), രാക്ഷസ കൊന്ന (സെന്ന സിയാമിയ), തെക്കുത്തി (ട്രൈഡാക്സ് പ്രോകുമ്പന്സ്) എന്നീ അതീവ അപകടകാരികളായ സസ്യങ്ങള്‍ വന്യജീവി സങ്കേതത്തില്‍ വ്യാപകമാവുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ 172.04 ചതുരശ്ര കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന സങ്കേതത്തില്‍ 951ല്‍ പരം സസ്യങ്ങളുണ്ട്. ചെങ്കുറിഞ്ഞി എന്ന സസ്യത്തിന്റെ പേരില്‍ നിന്നാണ് സങ്കേതത്തിന് ശെങ്കുറിശി എന്ന പേര് നല്‍കിയത്. ഒരു സസ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതവുമാണിത്. ഈ പ്രദേശം ഇപ്പോള്‍ അധിനിവേശ സസ്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
അധിനിവേശ സസ്യങ്ങളുടെ വ്യാപനം ആഗോളതലത്തില്‍ തന്നെ ജൈവവൈവിധ്യത്തിനും ആവാസ വ്യവസ്ഥകള്‍ക്കും ഭീഷണിയാണെന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഫോര്‍ നാച്വര്‍ (ഐ.യു.സി.എന്‍) പറയുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥകളില്‍ അധിനിവേശ സസ്യങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ മൃഗങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ബാധിക്കും.
കെ.എഫ്.ആര്.ഐ 2011ല്‍ സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വ്വെയില്‍ ശെന്തുരിണി സങ്കേതത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ 17 തരം അധിനിവേശ സസ്യങ്ങളെയാണ് കണ്ടെത്തിയിരുന്നത്. 2019ല്‍ കട്ടിളപ്പാറ-ചൂടല്‍ റോഡ്, ഇടിമുഴങ്ങന്പാറ ട്രെക് പാത്ത്, റോക്ക്വുഡ് എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ 18 ഇനം സസ്യങ്ങളെയാണ് കണ്ടെത്തിയത്. ഇത്തവണ സങ്കേതത്തില്‍ മൊത്തമായി നടത്തിയ സര്‍വ്വെയില്‍ ഇത് 25 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ടൂറിസത്തിന്റെ ഭാഗമായുള്ള ട്രക്കിങ്ങ്, ബോട്ടിങ്, ക്യാമ്പിങ് സൗകര്യങ്ങളും മൂന്നു സ്വകാര്യ എസ്റ്റേറ്റുകളിലെ പ്രവര്‍ത്തനങ്ങളുമാണ് അധിനിവേശ സസ്യങ്ങളുടെ കടന്നുവരവിന് കാരണമായിരിക്കുന്നത്. ആനത്തൊട്ടാവാടി, (മൈമോസ ഡിപ്ലോട്രിക്ക), കോളാമ്പിപ്പൂ, കാട്ടുപൊന്നാങ്കണ്ണി തുടങ്ങി ഇടത്തരം അപകടകാരികളായ 17 ഇനം സസ്യങ്ങളും പലയിടത്തും കാണപ്പെടുന്നു.
ടൂറിസം കേന്ദ്രങ്ങളിലും മനുഷ്യവാസ കേന്ദ്രങ്ങളിലുമാണ് അധിനിവേശ സസ്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം സഞ്ചരിക്കുന്ന ഉള്‍വനങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. അക്കേഷ്യ, സിംഗപ്പൂര്‍ ഡെയ്സി എന്നീ സസ്യങ്ങള്‍ സങ്കേതത്തില്‍ ഏതാണ്ട് എല്ലായിടത്തുമുണ്ട്. ഇക്കോ ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമായ റോക്ക്വുഡ് ക്യാമ്പില്‍ സോപ്പ് ബുഷ് ധാരാളമായുണ്ടെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ബൈക്ക് യാത്രികരായ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളായ റോസ്മല, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ അധിനിവേശ സസ്യങ്ങള്‍ എത്തുന്നത് അവരുടെ ബൈക്കില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും പാദരക്ഷകളില്‍ നിന്നുമാണ്. റോസ്മലയില്‍ മുറിയന്‍, കാട്ടുപൊന്നാങ്കണ്ണി, പൊന്നാങ്കണ്ണി എന്നിവ എത്തിയത് അങ്ങനെയാവാം. ഏറ്റവും തീവ്രതയേറിയ കമ്മ്യൂണിസ്റ്റ് പച്ച എന്ന അധിനിവേശ സസ്യത്തെ റോസ്മല അടക്കം 46 സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗവേഷകരായ കാര്‍ത്തിക എം.നായര്‍, എം.സൂരജ്, പ്രവീണ്‍.പി.രാജ്, കെ.വിമോദ്, എന്നിവരും പഠനത്തില്‍ പങ്കെടുത്തു.
മഹാഗണി പ്രശ്നം
ചൂടല്‍ വനപ്രദേശത്ത് മഹാഗണി വൃക്ഷം അധിനിവേശ സ്വഭാവം കാണിക്കുന്നതായി 2019ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഈ വനമേഖലയില്‍ മഹാഗണി ധാരാളമുണ്ടെന്നാണ് സര്‍വ്വെയില്‍ ബോധ്യപ്പെട്ടത്. 1999-2000 കാലത്ത് 20-25 മഹാഗണി തൈകളാണ് ഈ പ്രദേശത്ത് നട്ടത്. ഇപ്പോള്‍ ധാരാളം മഹാഗണി മരങ്ങള്‍ പ്രദേശത്തുണ്ട്. കൂടാതെ കൂടുതല്‍ പ്രദേശത്ത് വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇത് സ്വാഭാവിക വനത്തെ ബാധിച്ച് പ്രദേശത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. നിലവില്‍ ഇടത്തരം അപകടകാരികളായ ആനത്തൊട്ടാവാടി, നമ്പീശന് പുല്ല്, മുടിയന് പച്ച, കാട്ടുപൊന്നാങ്കണ്ണി എന്നിവ ഭാവിയില്‍ അതീവ അപകടകാരികളായി മാറാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വിനോദസഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശം വേണം
- വിനോദസഞ്ചാരികള്‍ വരുമ്പോഴും തിരികെ പോവുമ്പോഴും അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും കൈകളും കാലുകളും പരിശോധിക്കുകയും ശുദ്ധീകരിക്കുകയും വേണം.
- വനംവകുപ്പിന്റെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ടൂറിസം വാഹനങ്ങളും വരുമ്പോഴും പോവുമ്പോഴും ശുചീകരിക്കണം.
- ട്രക്കിങ് പാതകളിലും മറ്റും നിരന്തര നിരീക്ഷണം നടത്തണം.
- അധിനിവേശ സസ്യങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി സ്വീകരിക്കണം.
- അധിനിവേശ സസ്യങ്ങളെ നേരത്തെ കണ്ടെത്താനും ഇല്ലാതാക്കാനും വേണ്ട സംവിധാനം ഒരുക്കണം
- അധിനിവേശ സസ്യങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിനോദസഞ്ചാരികളെ ബോധവല്‍ക്കരിക്കാന്‍ ബ്രോഷറുകള്‍ വിതരണം ചെയ്യുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം.
- വനാതിര്‍ത്തിക്കു പുറത്തുള്ള ഭൂവുടമകളുമായി ബന്ധമുണ്ടാക്കി അധിനിവേശ സസ്യങ്ങളുടെ പ്രചരണം തടയണം.
****