കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ടവിരുദ്ധമായി നിയമനം നൽകാൻ നീക്കംനടക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് സമരം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. രവീന്ദ്രനാഥിന്റെ വീടിനു മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ ഉപരോധ സമരം. മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും പ്രിയ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ നീക്കം നടക്കുന്നെന്നാണ് ആരോപണം.
കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഓൺലൈൻ ഇന്റർവ്യൂ ഇന്നാണ് നടക്കുന്നത്. പ്രാഥമിക റാങ്ക് ലിസ്റ്റിൽ രണ്ടാമതായാണ് പ്രിയവർഗീസിനെ ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർ ആകുന്നതിന് എട്ട് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ പ്രിയാ വർഗീസിന് നാല് വർഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ആരോപിക്കുന്നത്.
അധ്യാപികയായിരിക്കേ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗവേഷണം പൂർത്തീകരിച്ച കാലയളവും കണ്ണൂർ സർവകലാശാലയിൽ സർക്കാർ അനുവദിച്ച ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപന കാലയളവായി പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉപരോധ സമരം നടത്തിയ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
Content Highlights:Illegal appointment at Kannur University; Youth Congress protest in front of VCs house