തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരും. ശിശുക്ഷേമ സമിതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.
പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേളത്തിൽ എത്തിച്ച ശേഷം ഡിഎൻഎ പരിശോധനയും നടത്തും. നിലവിൽ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.
വ്യാഴാഴ്ച 11 മണിക്ക് ഉത്തരവ് കൈപ്പറ്റാൻ വരണമെന്ന് ശിശുക്ഷേമ സമിതിയിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കിൽ ഏറെ സന്തോഷമെന്നും അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, സമരം തുടരാൻ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
content highlgihts:CWC order to bring back Anupamas child