തിരുവനന്തപുരം> പേരൂർക്കടയിൽ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 ന് ഉത്തരവ് കുഞ്ഞിന്റെ അമ്മ അനുപമക്ക് കൈമാറും. കേരളത്തിലെത്തിച്ച ശേഷം ഡിഎൻഎ പരിശോധന നടത്തും. സിഡബ്ളിയുസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടൾ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.
അതേസമയം, അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തന്റെ സമ്മതമില്ലാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് അനുപമ അച്ഛനെതിരെ നൽകിയിരിക്കുന്ന കേസ്. കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിക്കു മുൻപിൽ അനുപമ നടത്തുന്ന സമരം തുടരുകയാണ്. ഇതിനിടെയാണ് കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്ന ഉത്തരവ് പുറത്തുവരുന്നത്. നിലവിൽ ആന്ധ്രയിൽ ഒരു ദമ്പതികളുടെ അടുത്ത് ഫോസ്റ്റർ കെയറിലാണ് കുട്ടി.