Also Read :
ഇടുക്കി അണക്കെട്ടിലേക്കുമുള്ള നീരൊഴുക്ക് ശക്തമാണ്. ഇതോടെ ജലനിരപ്പ് 2399.38 അടിയിലെത്തി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയന്ത്രണവിധേയമാണെന്നും കെ എസ് ഇ ബി വിലയിരുത്തുന്നു. ഇടുക്കി അണക്കെട്ട് 10 മണിയോടെയാണ് തുറക്കുക.
ഇടുക്കിയിലെ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.
കൊട്ടാരക്കര ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.
Also Read :
ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.
അതിനിടെ, ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോ, വയനാട് എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലേർട്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Also Read :
തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.