ചേർത്തല
യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ശിവഗിരിയിലെ പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് എസ്എൻഡിപി യോഗം അധ്യക്ഷ പദവിയിലേക്ക് ആദ്യമായി വെള്ളാപ്പള്ളി നടേശനെത്തിയത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1995 ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അതിക്രമത്തിൽ പൊലീസ് നടപടിക്കൊപ്പംനിന്ന യോഗനേതൃത്വത്തിനെതിരെ പ്രസ്ഥാനത്തിൽനിന്നുതന്നെ കലാപമുയർന്നു. തൊട്ടുപിറകെ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായിരുന്ന വെള്ളാപ്പള്ളി വൻ ഭൂരിപക്ഷത്തിൽ എസ്എൻഡിപി യോഗത്തിന്റെ അമരക്കാരനായത്. ഈ സ്ഥാനത്ത് 25 വർഷം പിന്നിടുന്ന ആദ്യ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. രണ്ട് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും –-എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും –-നേതൃസ്ഥാനം ഒരുമിച്ച് വഹിക്കുന്നുവെന്നതും സവിശേഷത.
25വർഷത്തിനിടെ കുടുംബയൂണിറ്റുകൾ മുതൽ യോഗനേതൃത്വംവരെ സുസജ്ജമാക്കാനായി. സ്വാശ്രയ ഗ്രൂപ്പുകളിലൂടെ മൈക്രോഫിനാൻസ് പദ്ധതി അംഗകുടുംബങ്ങളിൽ സാമ്പത്തിക ഇടപെടൽ സാധ്യമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും നിലവിലുള്ളവയെ വിപുലമാക്കുന്നതിലും കുതിപ്പ് കൈവരിക്കാൻ സാധിച്ചു. സാമൂഹ്യനീതി യാഥാർഥ്യമാകണം. വിശ്വാസികളായ ഏത് മതക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നാണ് എസ്എൻഡിപി യോഗത്തിന്റെ നിലപാടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ മധുരംവിളമ്പി വാർഷിക സന്തോഷം പങ്കിട്ടു. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന സാമൂഹ്യസേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസംബർ അഞ്ചിന് ചേർത്തല എസ്എൻ കോളേജ് ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.