കൊച്ചി
മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും അപകടമരണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് നടൻ ജോജു ജോർജ് കോൺഗ്രസ് സമരത്തിനിടയിൽവന്ന് പ്രശ്നമുണ്ടാക്കിയതെന്ന പുതിയ ആരോപണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസ് സമരത്തിലേക്ക് നടൻ വന്നുകയറിയത് യാദൃച്ഛികമല്ലെന്ന് സംശയമുണ്ടായിരുന്നതായി ആരോപിക്കുന്ന മുഹമ്മദ് ഷിയാസ് പക്ഷേ, തന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമെന്തെന്ന് വിശദീകരിക്കുന്നില്ല.
മുൻ മിസ് കേരള പങ്കെടുത്ത ഡിജെ പാർടിയിൽ ജോജു പങ്കെടുത്തോ എന്ന് അന്വേഷിക്കണമെന്നും ജോജു പങ്കെടുത്തില്ലെങ്കിൽ ആർക്കെങ്കിലുംവേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനാണോ സമരസ്ഥലത്ത് എത്തിയത് എന്ന് അന്വേഷിക്കണമെന്നുമാണ് ഷിയാസിന്റെ ഏറ്റവും പുതിയ ആവശ്യം.
ജോജുവിന്റെ കാർ തകർത്തത് വിവാദമായതിനെത്തുടർന്ന് നടൻ മദ്യപിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും ആരോപിച്ച് വെട്ടിലായ ഡിസിസി പ്രസിഡന്റ് രണ്ട് പത്രങ്ങളുടെ ഓൺലൈൻ പതിപ്പിലാണ് പുതിയ ആരോപണം ഉന്നയിച്ചത്.
ജോജു താമസിച്ചെന്നു പറയുന്ന ഹോട്ടൽമുതൽ സമരസ്ഥലംവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പാർടി പരിശോധിച്ചുവരികയാണെന്നും ഡിജെ പാർടിയിൽ പങ്കെടുത്ത പ്രമുഖർ ആരൊക്കെ എന്നറിഞ്ഞാലേ കൂടുതൽ പറയാനാകൂ എന്നും ഷിയാസ് പറഞ്ഞു.
അതേസമയം, മിസ് കേരളയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹോട്ടലിലെ ഡിജെ പാർടിയുടെ ദൃശ്യം പരിശോധിക്കണമെന്നും മാത്രമാണ് എഫ്ബി പോസ്റ്റിൽ ഷിയാസ് ആവശ്യപ്പെടുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇതുമാത്രമാണ് ചാനലുകളോട് പറഞ്ഞതും.