തിരുവനന്തപുരം
മീൻപിടിത്ത ബോട്ടുകൾക്ക് കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. മണ്ണെണ്ണ ദൗർലഭ്യതയും ഉയർന്ന വിലയും മത്സ്യ മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ചർച്ചയിൽ തീരുമാനിച്ചു.
മീൻപിടിത്തത്തിനായി ആഗസ്തുമുതൽ ആറുമാസത്തേക്ക് അധികമായി 51,000 ലിറ്റർ മണ്ണെണ്ണകൂടി അനുവദിക്കണമെന്നുകാട്ടി കേരളം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അനുവദിച്ചത് 3084 ലിറ്റർമാത്രമാണ്. ഇത് അടിയന്തരമായി വിതരണംചെയ്യാൻ യോഗത്തിൽ ധാരണയായി. മണ്ണെണ്ണ പെർമിറ്റ് ലഭ്യമാക്കുന്നതിന് ഫിഷറീസ്, പൊതുവിതരണ വകുപ്പുകളുടെ സംയുക്ത പരിശോധന ഉടന്‍ പൂർത്തിയാക്കും.
കൂടുതൽ മണ്ണെണ്ണ ലഭ്യമാകുന്ന മുറയ്ക്ക്, മത്സ്യത്തൊഴിലാളികൾക്ക് സഹായകരമാകുംവിധം ഹാർബറുകളിലെ മത്സ്യഫെഡ് ബങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള സാധ്യത പരിശോധിക്കും. ഇതിനായി ഫിഷറീസ്, പൊതുവിതരണവകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, മത്സ്യഫെഡ് എംഡി, എണ്ണക്കമ്പനി പ്രതിനിധികൾ എന്നിവർ അടങ്ങിയ സമിതി രൂപീകരിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.