ഫത്തോർദ
ഇനി കാൽപ്പന്താവേശം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ എട്ടാംപതിപ്പിന് നാളെ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനുമായി ഏറ്റുമുട്ടും. രാത്രി 7.30ന്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും കളി. കോവിഡ് മാനദണ്ഡങ്ങൾ കർക്കശമാണ്. കാണികൾക്ക് പ്രവേശനമില്ല. മാർച്ചിലാണ് ഫൈനൽ. 11 ടീമുകളാണ്. ആകെ 115 മത്സരങ്ങൾ. മുംബൈ സിറ്റിയാണ് നിലവിലെ ചാമ്പ്യൻമാർ.
ഏഴരയ്ക്കാണ് മത്സരങ്ങൾ. ചില ശനിയാഴ്ചകളിൽ രണ്ട് കളികളുണ്ട്. 7.30നുപുറമെ 9.30നും. ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുന്നതാണ് ഇത്തവണത്തെ വിദേശതാരനയം. കളത്തിൽ നാല് വിദേശതാരങ്ങളേ മാത്രമേ ഒരുസമയം കളിപ്പിക്കാനാകൂ. ഒരു ഏഷ്യൻ താരവും ഉണ്ടായിരിക്കണം.
ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റി, എടികെ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ്സി ടീമുകളാണ് ലീഗിൽ.
പുതിയ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനുകീഴിലാണ് കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ആഡ്രിയാൻ ലൂണ, ജോർജ് പെരേര ഡയസ്, എനെസ് സിപോവിച്ച്, മാർകോ ലെസ്കോവിച്ച്, അൽവാരോ വാസ്ക്വസ്, ചെഞ്ചൊ എന്നിവരാണ് വിദേശകളിക്കാർ. ഗോവക്കാരൻ ജെസെൽ കർണെയ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ.















